സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതെ നാട്ടുകാരെ വലച്ചപ്പോള്‍ ‘ബംബറടിച്ചത്’ കെഎസ്‌ആര്‍ടിസിക്ക്

കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ അഞ്ച് ദിവസത്തോളം ജനങ്ങളെ വലച്ച്‌ സ്വകാര്യബസ് നിര്‍വൃതി അടഞ്ഞപ്പോള്‍ ലോട്ടറി അടിച്ചതുപോലെ സന്തോഷിച്ച്‌ കെഎസ്‌ആര്‍ടിസി. നാലു ദിവസം കൊണ്ട് 30 കോടി രൂപയാണു ആനവണ്ടിയുടെ ഖജനാവിലെത്തിയത്. സാമ്ബത്തിക പ്രതിസന്ധിയില്‍ കിടന്ന് ഉഴറുന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനു വലിയ ആശ്വാസമായിരിക്കുകയാണ് ഈ സ്വകാര്യ ബസ് സമരം.

കെഎസ്‌ആര്‍ടിസി ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് നാലു ദിവസത്തിനിടെ രണ്ടുതവണയാണു തകര്‍ന്നത്. നിരക്കുവര്‍ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 നാണു സ്വകാര്യ ബസുകള്‍ സമരം തുടങ്ങിയത്. ഇതോടെ, സര്‍വീസുകളുടെ എണ്ണംകൂട്ടി സമരത്തെ നേരിടാന്‍ കെഎസ്‌ആര്‍ടിസി ഒരുങ്ങി. 16 ന് കിട്ടിയ വരുമാനം 7.22 കോടി രൂപ. തൊട്ടുതലേന്നു 5.94 കോടിയായിരുന്നു കലക്ഷന്‍. സമരത്തിന്റെ രണ്ടാം ദിവസമായ 17 ന് ആണ് കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത് – 7.85 കോടി. മൂന്നാം ദിവസം ഞായറാഴ്ച ആയതിനാല്‍ വരുമാനം കുറഞ്ഞു – 6.69 കോടി.

അതേസമയം, ജനങ്ങള്‍ യാത്രാ ദുരിതത്താല്‍ ഏറെ വലഞ്ഞ തിങ്കളാഴ്ച കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തിലും വന്‍മുന്നേറ്റമുണ്ടായി. കെഎസ്‌ആര്‍ടിസി ചരിത്രത്തിലാദ്യമായി വരുമാനം – 8.50 കോടിയെന്ന വമ്ബന്‍ സംഖ്യയിലേക്ക് ഉയര്‍ന്നു. ഒന്‍പതു കോടിക്കു വെറും 10 ലക്ഷം കുറവ്!.

അതേസമയം, മാസവരുമാനത്തിലും ഈ ഫെബ്രുവരി റെക്കോര്‍ഡ് തിരുത്തുമെന്ന് ഉറപ്പാണ്. നാലു സമരദിവസങ്ങളില്‍ മാത്രം, 30.26 കോടി രൂപയാണു കെഎസ്‌ആര്‍ടിസി പോക്കറ്റിലാക്കിയത്. ഫെബ്രുവരിയിലെ വരുമാനത്തിലും കാണാം ഈ കുതിപ്പ്. കെഎസ്‌ആര്‍ടിസി 111.20 കോടി, കെയുആര്‍ടിസി 9.11 കോടി എന്നിങ്ങനെ ഈ മാസം 19 വരെ കോര്‍പറേഷന്‍ ആകെ നേടിയത് 120.32 കോടി രൂപ.

ബസ് നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബസ് ഉടമകള്‍ സമരം തുടങ്ങിയത്. സര്‍ക്കാര്‍ നിലപാടു കര്‍ശനമാക്കിയതോടെ ബസ് ഉടമകളുടെ ഭീഷണി ഏറ്റില്ല. അതേസമയം, ബസ് നിരക്കു വര്‍ധന കെഎസ്‌ആര്‍ടിസിക്കു ലാഭകരമാകുമെന്നാണു പ്രതീക്ഷ. ദിവസം 23 ലക്ഷം രൂപയുടെ അധികവരുമാനമാണു കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *