സ്റ്റോക്‌സിനും ഇഷാന്തിനും അടിസ്ഥാന വില രണ്ട് കോടി; താര ലേലം 20ന്

ഈ സീസണിലെ ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് രണ്ട് കോടി രൂപ അടിസ്ഥാന വില. ശ്രീലങ്കന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ്, ഓസീസ് പേസര്‍മാര്‍ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 നായകന്‍ ഇയാന്‍ മോര്‍ഗന്‍, ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് എന്നിവരും രണ്ടു കോടിയുടെ പട്ടികയില്‍. ഈ മാസം 20നാണ് ലേലം.

പാക്കിസ്ഥാനും ബംഗ്ലാദേശുമൊഴികെ എട്ടു രാജ്യങ്ങളില്‍ നിന്നായി 799 താരങ്ങളാണ് ലേലത്തിനുള്ളത്. ഇവരില്‍ 160 പേര്‍ മറ്റു ടീമുകളുടെ ദേശീയ താരങ്ങള്‍. ബാക്കി 639 പേര്‍ ഇന്ത്യയില്‍ നിന്ന്. ഇതില്‍ 24 പേര്‍ ദേശീയ താരങ്ങള്‍. രണ്ട് കോടിയാണ് ഉയര്‍ന്ന അടിസ്ഥാന വില. ഒന്നര കോടിയാണ് രണ്ടാമത്തേത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റൗ, ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നഥാന്‍ ലിയോണ്‍, ബ്രാഡ് ഹാഡിന്‍, വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ നിന്ന് സ്വയം ഒഴിവായ പേസര്‍ കൈല്‍ അബോട്ട് എന്നിവര്‍ ഈ പട്ടികയില്‍.

കൂടുതല്‍ താരങ്ങളെ ഇത്തവണ ടീമിലെടുക്കുന്നില്ലെന്നാണ് ഫ്രാഞ്ചൈസികള്‍ നല്‍കുന്ന സൂചനയെങ്കിലും, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആവശ്യക്കാരേറെ. സമീപകാലത്തെ ഇന്ത്യന്‍ പര്യടനമാണ് അവരുടെ വില വര്‍ധിപ്പിച്ചത്. താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നത് അനുകൂലിക്കുന്ന ആന്‍ഡൂ സ്‌ട്രോസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായതും തുണയായി. ടീമിലെ ഓപ്പണര്‍മാര്‍ അലക്‌സ് ഹെയ്ല്‍സ്, ജേസണ്‍ റോയി എന്നിവര്‍ക്ക് ഒരു കോടിയാണ് അടിസ്ഥാന വില. ക്രിസ് ജോര്‍ദനും ടൈല്‍ മില്‍സിനും 50 ലക്ഷവും. ഇന്ത്യന്‍ പര്യടനത്തിനിടെ വാര്‍ത്താസമ്മേളനങ്ങളില്‍ ഐപിഎല്‍ മോഹം ഇംഗ്ലീഷ് താരങ്ങള്‍ തുറന്നു പ്രകടിപ്പിച്ചിരുന്നു. നേരത്തെ, ഐപിഎല്ലിന്റെ ഭാഗമായിരുന്ന മോര്‍ഗന്‍, ബട്‌ലര്‍, സാം ബില്ലിങ്‌സ്, ജോര്‍ദന്‍ എന്നിവര്‍ കരിയറില്‍ ലീഗ് ഗുണം ചെയ്തുവെന്ന അഭിപ്രായക്കാരാണ്.

മിച്ചല്‍ ജോണ്‍സണ്‍, മാത്യൂസ്, ഇഷാന്ത്, മോര്‍ഗന്‍ എന്നിവരെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയതാണ് വീണ്ടും ലേലത്തിനെത്തിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ആറര കോടിക്കാണ് ജോണ്‍സണിനെ കഴിഞ്ഞ വര്‍ഷം നേടിയത്. ദല്‍ഹി ഡെയര്‍ഡെവിള്‍സ് മാത്യൂസിന് ഏഴര കോടിയും, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ് ഇഷാന്തിന് 3.8 കോടിയും നല്‍കി. നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മോര്‍ഗന് നല്‍കിയത് ഒന്നര കോടി. 2.1 കോടിക്ക് കിങ്‌സ് ഇലവനൊപ്പമായിരുന്നു കഴിഞ്ഞ തവണ അബോട്ട്. 2014 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ടായിരുന്നു ജേസണ്‍ ഹോള്‍ഡര്‍. അദ്ദേഹത്തിനു നല്‍കിയിരുന്നത് 75 ലക്ഷം.

ഇന്ത്യന്‍ ഇടംകൈയന്‍ സ്പിന്നര്‍ പവന്‍ നേഗിക്കാണ് ഇത്തവണ വലിയ നഷ്ടം. കഴിഞ്ഞ വര്‍ഷം എട്ടര കോടി രൂപയ്ക്ക് ദല്‍ഹിയിലെത്തിയ നേഗിക്ക് ഇത്തവണ അടിസ്ഥാന വില 30 ലക്ഷം രൂപ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *