സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്‌ബി‌‌ടി) മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം. ജീവനക്കാരെ പിരിച്ചുവിടാന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ ബാങ്ക് മാനേജ്മെന്റ് തിങ്കളാഴ്ച പുറത്തിറക്കി. എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്മെന്റ്െ തീരുമാനപ്രകാരം സര്‍ക്കുലര്‍ എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിരിക്കുന്നത്.


ബാങ്ക് എസ്ബിഐയില്‍ ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. എസ്ബിഐയില്‍ ലയിക്കുന്ന മറ്റ് ബാങ്കുകളും താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. അതിനിടെ ബാങ്ക്‌ലയനം ഉപേക്ഷിക്കണം എന്നാവശ്യപെട്ട് ജീവനക്കാര്‍ നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും.


എസ് ബി ടി ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്‌ബി‌‌ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, കിട്ടാക്കടം തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 12, 13 തീയതികളില്‍ ദേശീയതലത്തില്‍ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് തീരുമാനിച്ചിട്ടുള്ളത്. 11ന് പ്രതിഷേധ റാലികളും 12ന് രാവിലെമുതല്‍ 13ന് വൈകിട്ട് അഞ്ചുവരെ നിരാഹാര സത്യഗ്രഹവും പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.



Sharing is Caring