സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സിജിഎല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് നാലു പേര്‍ അറസ്റ്റിലായിരിക്കുന്നത്. ടാക്സ് ഇന്‍സ്പെക്ടര്‍, ക്ലെറിക്കല്‍ സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ 22 വരെ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.ചൊവ്വാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് 50 ലക്ഷം രൂപയും ലാപ്ടോപ്പും 10 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.


ഐടി വിദഗ്ധരായ 150 പേരെ ഉപയോഗിച്ച്‌ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സൈറ്റ് ഹാക്ക് ചെയ്താണ് പ്രതികള്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ചോര്‍ത്തിയിരിക്കുന്നത്. ഇതിനുശേഷം ഇവര്‍ ഓരോ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും 10 മുതല്‍ 15 ലക്ഷം വരെ രൂപ ഇടാക്കിയാണ് ഈ ചോദ്യപേപ്പറുകള്‍ വിറ്റത്.സമൂഹമാധ്യമമായ വാട്സ്‌ആപ്പ് വഴി പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും പ്രചരിച്ചതോടെ ചോര്‍ച്ച നടന്നുവെന്ന് സംശയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായാണ് പ്രതികള്‍ക്കുവേണ്ടി വലവിരിച്ചത്.




Sharing is Caring