സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു

സ്പീക്കര്‍ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ പുതിയ വിവാദത്തിനു തിരിതെളിഞ്ഞു. 47 അംഗങ്ങളുള്ള യു.ഡി.എഫില്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന് ലഭിച്ചത് 46 വോട്ടുകള്‍ മാത്രമാണ്. മുഴുവന്‍ അംഗങ്ങളും വോട്ട് ചെയ്തപ്പോള്‍ ഒരു വോട്ട് അപ്രത്യക്ഷമായി. വോട്ട് എണ്ണലില്‍ യു.ഡി.എഫ് ഏജന്റായി തിരുവഞ്ചൂര്‍ രാധാകൃഷ്ണും ഇക്കാര്യം സമ്മതിച്ചു.
എന്നാല്‍ എല്‍.ഡി.എഫില്‍ 91 അംഗങ്ങള്‍ ഉണ്ടായിരിക്കേ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് 92 വോട്ടുകള്‍ ലഭിച്ചു. പ്രോ ടേം സ്പീക്കറായിരുന്ന എസ്. ശര്‍മ്മ വോട്ട് ചെയ്തിരുന്നില്ല. ആ നിലയ്ക്ക് 90 വോട്ടുകളെ എല്‍.ഡി.എഫിന് ലഭിക്കൂ. എന്നാല്‍ രണ്ട് വോട്ടുകള്‍ അധികം ലഭിച്ചു. ഇതില്‍ ഒന്ന് ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റേതാണെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍ രണ്ടാമത്തെ അധിക വോട്ട് എവിടെ നിന്നുവന്നുവെന്ന മറുചോദ്യവും യു.ഡി.എഫിനെ വെട്ടിലാക്കുന്നു.
യു.ഡി.എഫ് കേന്ദ്രങ്ങളെ ഒന്നാകെ അമ്പരപ്പിലാക്കിയതാണ് വോട്ട് ചോര്‍ച്ച. ആകെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമുള്ള തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ക്ക് ആശയക്കുഴപ്പത്തിനും സാധ്യതയില്ല. വോട്ട് ചെയ്യുന്ന രീതിയെല്ലാം ഇന്നലെ യു.ഡി.എഫ് പാര്‍ലമെന്ററി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും ഒരുക്കങ്ങള്‍ നടത്തിയിട്ടും വോട്ട് ചോര്‍ന്നത് യു.ഡി.എഫില്‍ സൃഷ്ടിച്ച തലവേദന ചെറുതല്ല. നേതാക്കള്‍ തുറന്നു സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും. രഹസ്യ വോട്ടെടുപ്പ് ആയതിനാലും ബാലറ്റ് പേപ്പറില്‍ ക്രമനമ്പറും നല്‍കാത്തതിനാലും വോട്ട് ചോര്‍ച്ച കണ്ടുപിടിക്കാന്‍ കഴിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *