സ്നേഹക്കപ്പടിച്ച് സുഡാനി ഫ്രം നൈജീരിയ

യു.ഹരീഷ്.

സെവൻസ് എന്ന വട്ടപ്പേരിട്ട് വിളിച്ച് പലപ്പോഴും കളിയാക്കിയും അംഗീകാരമില്ലെന്നുമൊക്കെ പറയുന്നവരുടെ മുഖത്ത് നോക്കി നെഞ്ചുറപ്പോടെ ഇത് ഞങ്ങളുടെ ജീവിതം തന്നെയാണെന്ന് വീറോടെ വിളിച്ചുപറയുന്ന മലപ്പുറത്തുകാരെ നിരവധി വട്ടം കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. സെവൻസ് ഫുട്ബോൾ എന്നത് ഇവർക്ക് വെറുമൊരു കാൽപ്പന്ത് കളിയല്ല. കാലുകൾ കൊണ്ടല്ല, ഹൃദയങ്ങൾ കൊണ്ടാണ് ഇവർ ഫുട്ബോൾ കളിക്കുന്നതും കാണുന്നതും. കമുകിലും മുളയിലും തീർത്ത താൽക്കാലിക ഗാലറികളിൽ, മൈക്കുകളിലൂടെ ആവേശമായെത്തുന്ന അനൗൺസ്മെൻറുകളിൽ, രാത്രിവെളിച്ചത്തിൽ കളികാണാനിരിക്കുമ്പോൾ ഇവർക്കെല്ലാം ഒരു മതമാണ്, ഒരു വികാരമാണ്. ഫുട്ബോൾ. അത്തരമൊരു നാടിൻറെയും നാട്ടാരുടെയും നാട്ടുഭാഷയുടെയും അതിശയോക്തി തെല്ലും കലരാത്ത പച്ചയായ കഥപറച്ചിലുമായി തീയറ്ററുകളിലെത്തിയ സു‍ഡാനി ഫ്രം നൈജീരിയ എന്ന സിനിമ ആസ്വാദകർക്ക് വേറിട്ട കാഴ്ചാനുഭവം തരുന്നു. സക്കറിയ, ആദ്യ സംവിധാനസംരംഭം തന്നെ താങ്കൾ അത്ഭുതപ്പെടുത്തി. അഭിനന്ദനങ്ങൾ. ഓരോ വെള്ളിയാഴ്ചകളും സിനിമാക്കാരെ സംബന്ധിച്ച് നിർണായകമാണെന്ന് പറയാറുണ്ട്. വാഴ്ത്തലുകളും വീഴ്ത്തലുകളും സമ്മാനിക്കുന്ന ദിവസം. കഴിഞ്ഞ വെള്ളിയാഴ്ച താങ്കൾക്കും ടീമിനും ഉള്ളതാണ്.

മറ്റ് എല്ലാ ജീവിതപ്രശ്നങ്ങളും പ്രയാസങ്ങളുമുള്ളപ്പോഴും ഫുട്ബോളിനെ മറ്റെന്തിനെക്കാളും നെഞ്ചേറ്റി നടക്കുന്ന സൗബിൻ അവതരിപ്പിച്ച എം.വൈ.സി അരിക്കോട് എന്ന സെവൻസ് ഫുട്ബോൾ ക്ളബ്ബിൻറെ മാനേജറായ മജീദ് എന്ന ചെറുപ്പക്കാരൻ. നൈജീരിയയിൽ നിന്ന് സെവൻസ് കളിക്കാൻ കൊണ്ടുവന്ന സാമുവൽ റോബിൻസൺ എന്ന സുഡാനിയെന്ന് നാട്ടുകാരെല്ലാം ഒരുപോലെ വിളിക്കുന്ന കഥാപാത്രം. ഇവർ രണ്ടുപേരും തമ്മിലുള്ള വൈകാരികത നിറഞ്ഞ ആത്മബന്ധത്തിൻരെ കഥയിലേക്ക് നാടും നാട്ടുകാരെയും റിയലിസ്റ്റിക്കായി കൊണ്ടുവന്നു. സമീപകാലത്ത് മലയാള സിനിമകണ്ട ഏറ്റവും മികച്ച കാസ്റ്റിങ്ങായിരുന്നു ഈ കഥാപാത്രങ്ങളെല്ലാം. സിനിമക്ക് പരിചിതമല്ലാത്ത ഈ മുഖങ്ങളെല്ലാം തന്നെ സിനിമകണ്ടിറങ്ങിയ ആസ്വാദകരുടെ മനസുകളിൽ നിന്ന് അത്രപെട്ടെന്നൊന്നും ഇറങ്ങിപ്പോകില്ല. തീർച്ച. നായകനും നായികയും പ്രണയവും സംഘട്ടനങ്ങളൊന്നുമില്ലെങ്കിൽ പോലും.

സാമുവൽ ഒരേ സമയത്ത് പ്രതീക്ഷയും ബാധ്യതയുമാകുന്നു മജീദിന്. ഫുട്ബോൾ കളത്തിന് പുറത്ത് അവിചാരിതമായ പരിക്ക് പറ്റി കിടിപ്പിലാകുന്ന സാമുവലിനെ ആശുപത്രി കിടക്കയിൽ നിന്ന് മജീദ് കൊണ്ടുപോകുന്നത് തൻറെ കൊച്ചുവീട്ടിലേക്കാണ്. അവിടെ മജീദിൻറെ പ്രായമായ ഉമ്മയും തൊട്ടടുത്ത് താമസിക്കുന്ന ബീയുമ്മയും നൽകുന്ന നാടിൻറെ സ്നേഹവും കരുതലും പരിചരണവും പ്രാർഥനകളും തിരിച്ചറിയാൻ സാമുവലിന് ഭാഷപോലും തടസമാകുന്നില്ല. ജമീലയായി സാവിത്രി ശ്രീധരനും ബീയുമ്മയായി മാറിയ സരസ ബാലുശേരിയും ശരിക്കും വിസ്മയിപ്പിച്ചു. മജിദിനെ കയ്യടക്കത്തോടെ ചെയ്ത സൗബിൻ, പതിവ് തമാശകഥാപാത്രങ്ങൾക്കപ്പുറം തനിക്കൊരു വലിയ സ്പേസ് ഉണ്ടെന്നും കാണിച്ചുതരുന്നു. മജീദിൻറെ രണ്ടാനുപ്പയായി വേഷമിട്ട കെടിസി അബ്ദുള്ളയും മജിദിൻറെ വീട്ടിലേക്ക് പശുവുമായി എത്തുന്ന നായരും പിന്നെ മറ്റ് പേരറിയാത്ത കഥാപാത്രങ്ങളെല്ലാം തന്നെ നമ്മളൊക്കെ പല ഗ്രാമങ്ങളിലും കണ്ടറിഞ്ഞ നൻമയുടെ സിനിമാവേഷപ്പകർച്ചകളാണ്.

ഫുട്ബോളുമായി ഇഴപിരിഞ്ഞു കിടക്കുമ്പോഴും ഫുട്ബോൾ കളത്തിനുപുറത്തെ നിരവധി ജീവിതങ്ങളിലൂടെയാണ് സിനിമയുടെ കഥ തെല്ലും മടുപ്പിക്കാതെ, ഒരു നൊമ്പരമായി പ്രധാനമായും പറഞ്ഞുപോകുന്നത്. സാമുവിലിൻറെ നൈജീരിയയിലുള്ള കുടുംബത്തിലേക്ക് കാമറക്കാഴ്ചകൾ പോകുന്നിടത്താണ് സിനിമ ഗൗരവമേറിയ മറ്റൊരു വിഷയത്തിലേക്ക് കൂടി കടക്കുന്നത്. അഭയാർഥികളുടെ നിസ്സഹായതയുടെ ദൈന്യത നിറഞ്ഞ ജീവിതാവസ്ഥ. ഫുട്ബോളും ഗ്രാമവും നാട്ടാരും അവിടുത്തെ നാട്ടുഭാഷയും അഭയാർഥിപ്രശ്നങ്ങളിലേക്ക് വരെ പോകുന്ന സിനിമ ചെറിയ ചിരികളിലൂടെയും ഇടയ്ക്കിടെ തെല്ലൊന്ന് കണ്ണീർ പൊടിഞ്ഞും കണ്ടിരിക്കാം, ഈ നവസിനിമാനുഭവം.
വിമാനത്താവളത്തിലെ ക്ളൈമാക്സ് സീനിൽ തീയറ്ററിൽ ഉയർന്ന കയ്യടികൾ, ഒരു സെവൻസ് ഫുട്ബോൾ ഫൈനലിലെ വിജയഗോളാരവം പോലെ തോന്നിപ്പിച്ചതാണ് ഈ കൊച്ചു സിനിമയുടെ വലിയവിജയം. പതിവ് മുസ്ളിം കഥാപാത്ര സിനിമകളിലെ ക്ളീഷേ സീനുകളും പാട്ടുകളൊന്നും ഇതിൽ കടന്നുവരുന്നില്ല. ഷൈജുവിൻറെ കാമറയും ബാക്ക്ഗ്രൗണ്ട്സംഗീതവും പാട്ടുകളുമെല്ലാം കഥപറച്ചിലിനോട് ശരിക്കും സത്യസന്ധത പുലർത്തി. തുടക്കക്കാരായവരെയും പുതിയഅഭിനേതാക്കളെയുമെല്ലാം വിശ്വസിച്ച് പണം മുടക്കിയവർക്കും സിനിമ വിതരണം ചെയ്തവർക്കും ഹൃദയത്തിൻറെ ട്രോഫി സമ്മാനിക്കുന്നു. കണ്ടിരിക്കണമെന്ന് പറയാൻ തെല്ലും മടിക്കാത്തൊരു സിനിമാനുഭവം തന്നെയാണ് സുഡാനി ഫ്രം നൈജീരിയ

Spread the love

Leave a Reply

Your email address will not be published. Required fields are marked *