സ്ത്രീകളുടെ ആക്രമത്തിനിരയായ ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു

സ്ത്രീകളുടെ ആക്രമത്തിനിരയായ യൂബര്‍ ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.അടിയന്തരമായി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ഇതേത്തുടര്‍ന്നാണ് ഷെഫീഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പോലീസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മരട് സബ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേസിലെ തുടര്‍ നടപടി.
വൈറ്റില ജങ്ഷനില്‍വച്ചാണ് കഴിഞ്ഞ ബുധനാഴ്ച കുമ്ബളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാല്‍ യുവതികള്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. അക്രമം നടത്തിയ സ്ത്രീകള്‍ ഷെഫീഖിന്റെ യൂബര്‍ ടാക്സി ബുക്ക് ചെയ്തിരുന്നു.
ഷെയര്‍ടാക്സി സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്തത്. ഇതിനിടെ, എറണാകുളത്ത് നിന്നും തൃപ്പൂണിത്തറയിലേക്ക് പോവുകയായിരുന്ന ഷെഫീഖിന്റെ വാഹനത്തില്‍ മറ്റൊരു യാത്രക്കാരന്‍ കൂടിയുണ്ടായിരുന്നു.
സ്ത്രീകളെ കയറ്റാന്‍ വൈറ്റിലയില്‍ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ തര്‍ക്കം തുടങ്ങിയത്. ഷെയര്‍ടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചില്ല. തര്‍ക്കത്തിനിടെ കരിങ്കല്ല് കൊണ്ട് തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തുവെന്ന് ഷെഫീഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യുവതികള്‍ ആരോപിച്ചിരുന്നു. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *