അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഡി ഗ്രൂപ്പ് മത്സരവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഫിഫക്ക് കൈമാറി.
സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജി.സി.ഡി.എ സെക്രട്ടറി എം.സി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം ഫിഫ ഓപറേഷന്‍സ് മേധാവി റോമ ഖന്നക്ക് കൈമാറിയത്. മുഖ്യ സ്റ്റേഡിയവും ലോകകപ്പിനായി തയ്യാറാക്കിയ നാല് പരിശീലന മൈതാനങ്ങളുമാണ് ഫിഫയ്ക്ക് കൈമാറിയത്.
സമ്മതപത്രം സ്വീകരിച്ചുവെങ്കിലും കൊച്ചിയിലെ ലോകകപ്പിന്റെ വിജയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ സഹായ സഹകരണങ്ങളും തുടര്‍ന്നും കൂടിയേ തീരുവെന്ന് റോമ ഖന്ന പറഞ്ഞു.
സ്റ്റേഡിയം അനുബന്ധമായി ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനന് അറിയിച്ചു. കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ അര്‍ധരാത്രിയോടെ സ്റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിച്ചു.
ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യമത്സരം. ഡി ഗ്രൂപ്പിലെ ആദ്യ പോരില്‍ ബ്രസീലും സ്പെയിനും ഏറ്റമുട്ടും. ഉത്തര കൊറിയയും നൈജറുമാണ് മറ്റ് രണ്ട് ടീമുകള്‍. ഗ്രൂപ്പ് സിയിലെ ജര്‍മനി, ഗിനിയ അവസാന ഗ്രൂപ്പ് മത്സരവും കൊച്ചിയില്‍ നടക്കും.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ കൊച്ചിയിലെ മത്സരങ്ങള്‍ക്കായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്രസീല്‍ ടീം ബുധനാഴ്ച കൊച്ചിയില്‍ എത്തും. മറ്റ് മൂന്ന് ടീമുകള്‍ ഒക്ടോബര്‍ മൂന്നിനകം കൊച്ചിയില്‍ എത്തും.














