സോഷ്യല്‍ മീഡിയയിലെ പുതിയ താരം; പെരുമഴയത്ത് കുതിര്‍ന്ന് ട്രാഫിക് നിയന്ത്രിക്കുന്ന മുബൈ പോലീസ്‌

മുംബൈ: പെരുമഴയത്ത് നനഞ്ഞ് കുതിര്‍ന്നു കൊണ്ട് തിരക്കുള്ള ജങ്ഷനിലെ ട്രാഫിക് നിയന്ത്രിക്കുന്ന മുബൈ പോലീസാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. മുംബൈ സ്വദേശിയായ സത്യം യാദവ് തന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് കണ്ടത് 12ലക്ഷം പേരാണ്.

തിങ്കളാഴ്ച വൈകുന്നേരം കാണ്ഡിവലി സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു സത്യം യാദവ്. പൊടുന്നനെ മഴ പെയ്തതിനാല്‍ സബ്‌വേയില്‍ അഭയം തേടി. എല്ലാവരും മഴയില്‍ നിന്ന് അഭയം തേടാനായി പരക്കം പായുന്നതിനിടയിലാണ് അകുര്‍ലി റോഡ് ജങ്ഷനില്‍ പെരുമഴയെ അവഗണിച്ചു കൊണ്ട് ഈ പോലീസുകാരന്‍ ട്രാഫിക് നിയന്ത്രിച്ചത്. ഉടന്‍ തന്നെ ആത്മാര്‍പ്പണത്തിന്റെ ആ നിമിഷം സത്യം യാദവ് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

‘ട്രാഫിക് സാധാരണ ഗതിയില്‍ മുന്നോട്ടു പോവുകയായിരുന്നു. പക്ഷെ പൊടുന്നനെ പെയ്ത മഴയില്‍ എല്ലാം താറുമാറായി. എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട പോലീസുകാരന്‍ കുട പോലും ചൂടാതെ ട്രാഫിക്കിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു’.ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിളായ നന്ദകുമാര്‍ ഇംഗ്ലെ(47) ആണ് ഈ പോലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അന്ന് കുടയും റെയിന്‍കോട്ടും കരുതിയിരുന്നു. പക്ഷെ പൊടുന്നനെ പെയ്ത മഴയില്‍ അത് ചൂടാനും ധരിക്കാനുമുള്ള സമയം ലഭിച്ചില്ല. ട്രാഫിക് എത്രയും പെട്ടെന്ന് സുഗമമാക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം’, നന്ദകുമാര്‍ വിമനപൂര്‍വ്വം പറയുന്നു.’വൈകുന്നേരം 7മണി മുതല്‍ 11 മണി വരെ വലിയ തിരക്കാണ് റോഡില്‍. ഒരു നിമിഷം പോലും അതുകൊണ്ട് തന്നെ പാഴാക്കാന്‍ കഴിയുമായിരുന്നില്ല. അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് 11.30നാണ് വീട്ടിലെത്തുന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് പിറ്റേ ദിവസം വീഡിയോയുടെ കാര്യം ഞാന്‍ അറിയുന്നത്’, നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതു കൊണ്ട് തന്നെ പെരുമഴയത്ത് ജോലി ചെയ്യുന്നത് തനിക്ക് പുതുമയുള്ള കാര്യമല്ലെന്ന് 23 വര്‍ഷമായി സേനയിലുള്ള നന്ദകുമാര്‍ പറയുന്നു.വീഡിയോ വൈറലായതോടെ നിസ്വാര്‍ഥ സേവനത്തിന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ആദരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *