ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അതിനാല്‍ കൊല്ലപ്പെടേണ്ടവള്‍ തന്നെയാണെന്നും അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മത മൊഴി. ഗൗരിലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ.ടി നവീന്‍ കുമാര്‍ എന്ന ആയുധ വ്യാപാരിയുടേയതാണ് മൊഴി. ഗൗരിയെ വധിക്കാനായി മറ്റൊരു ഹിന്ദു ആക്ടിവിസ്റ്റിന് ബുളളറ്റുകള്‍ നല്‍കിയത് നവീനായിരുന്നു.തന്റെ വീടിന് മുന്നില്‍ വെച്ച് ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നവീന്‍കുമാറിന്റെ 12 പേജുള്ള കുറ്റസമ്മതമൊഴി കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ചത്. ഗൗരി ലങ്കേഷിന്റെ വീട്ടിലേക്ക് പോകാനായി കൊലപാതകികള്‍ വരച്ച റൂട്ട് മാപ്പും കുറ്റപത്രത്തോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ആംഗിളുകളില്‍ നിന്നും തയാറാക്കിയ റൂട്ട് മാപ്പാണ് ഇത്.
2014ല്‍ സ്ഥാപിച്ച ഹിന്ദു യുവസേന എന്ന സംഘടനയിലെ അംഗമാണ് നവീന്‍കുമാര്‍. കോമേഴ്സ് വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ വലതുപക്ഷ പ്രത്യശാസ്ത്രത്തില് ആകൃഷ്ടനായി കോളേജ് പഠനം അവസാനിപ്പിച്ചിരുന്നു. നവീന്‍കുമാര്‍ നിയമവിധേയമായല്ല ആയുധവ്യാപാരം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.നേരത്തേ, പ്രമോദ് മുത്തലിക്കിനൊപ്പം മാഗ്ളൂരില്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഒരു ക്ളബില്‍ വെച്ച് ആക്രമിച്ച കേസിലും നവീന്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു. വര്‍ഷം തോറും നടന്നുവരാറുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രവീണ്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ തനിക്ക് ബുള്ളറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി.

പിന്നീട് തന്റെ വീട്ടിലെത്തി തന്നെയും ഭാര്യയേയും കണ്ട് വീണ്ടും ബുള്ളറ്റുകള്‍ ആവശ്യപ്പെട്ടു. രണ്ട് ബുള്ളറ്റുകള്‍ താന്‍ പ്രവീണിന് നല്കി. എന്നാല്‍ അതിന് ഗുണം പോരെന്ന് പിന്നീട് പറഞ്ഞു. ബുള്ളറ്റുകള്‍ ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ വേണ്ടിയാണെന്ന് പ്രവീണ്‍ വെളിപ്പെടുത്തിയതായും നവീന്‍ കുമാര്‍ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു.
ബംഗളുരുവില്‍ ബല്‍ഗാമിലും വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പുതിയ ബുള്ളറ്റുകള്‍ നല്കാന് തയാറായിരുന്നുവെങ്കിലും പിന്നീട് മൊബൈല്‍ പോണ് ഉപയോഗിക്കാത്ത പ്രവീണുമായി തനിക്ക് ബന്ധപ്പെടാനായില്ല. സെപ്തംബര്‍ അഞ്ചിന് പത്ര മാധ്യമങ്ങളിലൂടെയാണ് പത്രപ്രവര്‍ത്തക കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.പ്രഫസര്‍ ഭഗവാന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നവീന്‍കുമാറിന് പങ്കുണ്ട്. ഇതുസംബന്ധിച്ച് ടെലിഫോണ്‍ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു













