തിരുവനന്തപുരം: കെ.എം.മാണി യു.ഡി.എഫിലേക്ക് തിരിച്ചുവന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം വന്ന രീതി ശരിയായില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്നും ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവേളയ്‌ക്ക് ശേഷം മാണി പങ്കെടുത്ത മുന്നണി യോഗത്തില്‍ നിന്നും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയെ ശക്തിപ്പെടുത്താനാണ് കെ.എം.മാണിയെ തിരിച്ചെടുത്തതെന്നാണ് വിശദീകരണം. എന്നാല്‍ മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടി തകരുമ്ബോള്‍ എങ്ങനെയാണ് മുന്നണി ശക്തിപ്പെടുകയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ തീരുമാനത്തില്‍ സുതാര്യതയില്ല. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു പോലെ സ്വീകാര്യമായ തീരുമാനമാണ് വേണ്ടത്. എന്നാല്‍ ചില നേതാക്കന്മാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. ഇക്കാര്യത്തിലെ തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ്.

ഇപ്പോഴത്തെ തീരുമാനം ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപയോഗിക്കൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു













