സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശം: കേസെടുക്കണം ഹമീദ് വാണിയമ്പലം

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേരള പോലീസ് മുന്‍മേധാവി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസഡണ്ട് ഹമീദ് വാണിയമ്ബലം ആവശ്യപ്പെട്ടു. വളരെ ഗുരുതരവും പ്രകോപനപരവും കേരളത്തില്‍ ഛിദ്രതയുണ്ടാക്കാനുതകുന്നതുമായ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കോടതി പോലും ഇല്ല എന്ന് വിധിച്ച ലൗജിഹാദ് ഉണ്ടെന്നും കേരളത്തിലെ മുസ്ലിം ജനസംഖ്യ ആപത്കരമായി വര്‍ദ്ധിക്കുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഗൗരവതരമാണ്. രാജ്യത്ത് നടക്കുന്ന പശു ഭീകരതക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്നവരാണ് അപകടകാരികളെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വാദം അസഹിഷ്ണുതയും മതഭീകരതയും രാജ്യത്ത് പടര്‍ത്തുന്ന സംഘ്പരിവാറിന്റെ അതേ വാദമാണ്.
ആര്‍.എസ്.എസ് വര്‍ഗീയത ദേശീയ സ്പിരിറ്റിലാണെന്ന മുന്‍ കേരളാ പോസീസ് മേധാവിയുടെ അഭിപ്രായമാകട്ടെ രാജ്യത്തെ ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരാണ്. കേരളാ പോലീസിന്റെ തലപ്പത്തിരുന്നയാള്‍ നടത്തിയ ഹീനമായ ഇത്തരം വിലയിരുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. സംഘ്പരിവാര്‍ പാളയത്തിലേക്ക് പോകുന്നതിനു മുന്നോടിയായി സെന്‍കുമാര്‍ നടത്തുന്ന വര്‍ഗീയ വിഷം ചീറ്റലാണിത്.
കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കണം. പോലീസ് മേധാവിയായിരിക്കെ സെന്‍കുമാര്‍ നടത്തിയ എല്ലാ നീക്കങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തണം.
ഇത്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കരുതെന്നും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *