സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: നടി റിയ ചക്രവർത്തിയുടെ ഹർജി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. അന്വേഷണം പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജി ജസ്റ്റിസ് ഹൃഷികേശ് റോയിയാണ് പരിഗണിക്കുന്നത്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്‌നയിൽ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെയാണ് നടി റിയ ചക്രവർത്തി ചോദ്യം ചെയ്യുന്നത്. നടന്റെ കുടുംബത്തിന്റെ പരാതിയിൽ റിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതും. കേസ് മുംബൈയിലെ അധികാര പരിധിയിലാണെങ്കിൽ സിബിഐ അന്വേഷണത്തിന് അനുകൂലമെന്ന് നടി റിയ ചക്രവർത്തി സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

പട്‌നയിലെ എഫ്‌ഐആറിൽ സിബിഐ അന്വേഷണം അംഗീകരിക്കില്ല. തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ മരണമായതിനാലാണ് കേസ് പരിധി വിട്ട് സഞ്ചരിക്കുന്നതെന്നും റിയ ചക്രവർത്തി ആരോപിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാട് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. മുംബൈ പൊലീസിനെ കുറ്റപ്പെടുത്തി ബിഹാർ സർക്കാരും, സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗും കോടതിയിൽ മറുപടി സമർപ്പിച്ചിരുന്നു.

അതേസമയം, ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാത്രിയോടെ വിട്ടയച്ചു. സിബിഐ അന്വേഷണസംഘം ഇന്ന് നടന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *