ന്യൂഡല്‍ഹി: രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ വിവാദ ട്വീറ്റില്‍ മാലി ദ്വീപ് ഇന്ത്യയോട് അതൃപ്തി അറിയിച്ചു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സുബ്രഹ്മണ്യന്‍ സ്വാമി.മാലി ദ്വീപിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായാല്‍ ഇന്ത്യ മാലിദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് മാലി ദ്വീപിന്റെ പ്രതികരണമുണ്ടായത്.
മാലിദ്വീപിന്റെ വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയോട് സംഭവത്തിലുള്ള അതൃപ്തി അറിയിച്ചു. എംപിയുടെ പ്രസ്താവനയിലുള്ള ഞെട്ടല്‍ രേഖപ്പെടുത്തുന്നതായി മാലി ദ്വീപ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയത്തിലാണ് ഇരു രാജ്യത്തിന്റെ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. മാലിദ്വീപില്‍ സെപ്റ്റംബര്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോട് വിശദീകരിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

മാലിദ്വീപ് തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടക്കുകയാണെങ്കില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണം എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. സുബ്രഹ്മണ്യന്‍ സ്വാമിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദും തമ്മില്‍ മുന്‍പ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്കും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന്റെ നിലപാടിനെ അത് പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അഹമ്മദ് സരീറുമായുള്ള കൂടിക്കാഴ്ചയില്‍ അഖിലേഷ് മിശ്രയും ഇതേ നിലപാടാണ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍പും മാലിദ്വീപിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്രകടനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ അട്ടിമറി നടന്നേക്കുമെന്നും അയല്‍ രാജ്യം എന്ന നിലയില്‍ ഇന്ത്യ അതിന് അനുവദിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീം കയ്യേറ്റക്കാരനാണെന്നും ഇന്ത്യക്കാരെ അപമാനിക്കുന്നവനാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
മാലി ദ്വീപില്‍ ജനാധിപത്യ രീതിയിലും സുതാര്യമായും തിരഞ്ഞെടുപ്പ് നടക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ക്കു മുന്‍പായി രാജ്യത്ത് ക്രമസമാധാന നില സ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയുടെ വിലക്ക് വകവയ്ക്കാതെ പ്രസിഡന്റ് യമീം മാലിദ്വീപില്‍ 45 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.












