തൃശൂര്‍ ജില്ലയിലെ സ്വാകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍. അത്യാഹിത വിഭാഗത്തിലൊഴികെ ഒപി, ഐപി വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ശമ്പളം കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്താകെ സമരം വ്യാപിപ്പിക്കുമെന്ന നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.
നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ ആശുപത്രിയിലേതിന് തുല്യമാകണമെന്ന സുപ്രീംകോടതി നിര്‍ദേശവും, സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ആദ്യ ഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ 44 സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് പണിമുടക്കുക. നാളെ മുതല്‍ ഒപി, ഐപി വിഭാഗങ്ങള്‍ നഴ്‌സുമാര്‍ ബഹിഷ്‌കരിക്കും. എന്നാല്‍ നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് സേവനം മുടങ്ങില്ല. ശമ്പളം വാങ്ങാതെ നഴ്‌സുമാര്‍ ഇവര്‍ക്കായി ജോലിക്കെത്തും. അത്യാഹിത വിഭാഗത്തിലും പ്രവര്‍ത്തിക്കും.
ഈ മാസം 27ാം തിയ്യതി സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. പനി പടരുന്നതിനിടെ നഴ്സുമാരുടെ സമരം ആരോഗ്യ മേഖലയില്‍ പ്രതിസന്ധിക്ക് ഇടയാക്കും.













