സുഖോയ് വിമാനത്തില്‍ 40 മിനിട്ട് പറന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍


വ്യോമസേനയുടെ സുഖോയ് എസ്.യു 30 എം.കെ.ഐ വിമാനത്തില്‍ പറന്ന് രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ സുമിത് ഗാര്‍ഗാണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് പ്രതിരോധ മന്ത്രിയുമായി പറന്നത്. യുദ്ധവിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് 40 മിനിട്ട് നീണ്ട പറക്കലിനുശേഷം പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനുശേഷം സുഖോയ് 30 ജെറ്റ് വിമാനത്തില്‍ പറക്കുന്ന രണ്ടാമത്തെ വനിതാ നേതാവാണ് നിര്‍മല സീതാരാമന്‍.


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം 2003 ജൂണില്‍ എസ്.യു 30 വിമാനത്തില്‍ പറന്നിരുന്നു. 2003 ല്‍ മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും 2009 ല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലും സുഖോയ് വിമാനത്തില്‍ പറന്നു. 2015 ല്‍ മുന്‍ പ്രതിരോധമന്ത്രി റാവു ഇന്ദ്രജിത് സിങ്ങും 2016 ല്‍ പ്രതിരോധ സഹമന്ത്രി കിരണ്‍ റിജിജുവും എസ്.യു 30 വിമാനത്തില്‍ പറന്നിട്ടുണ്ട്. 2015 ല്‍ എയ്റോ ഇന്ത്യാ ഷോയ്ക്കിടെ ബി.ജെ.പി നേതാവും പൈലറ്റുമായ രാജീവ് പ്രതാപ് റൂഡിയും സുഖോയ് യുദ്ധ വിമാനം പറത്തിയിരുന്നു.



Sharing is Caring