സില്‍വര്‍ ലൈൻ പദ്ധതിയിൽ വിമര്‍ശനവുമായി ഹൈക്കോടതി.

സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല.

കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വിഷയത്തില്‍ ഭിന്ന താത്പര്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരേ അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

പദ്ധതിയെ കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്ത് നിര്‍ത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. സര്‍വേ ആക്ട് പ്രകാരമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജി ഈ മാസം 21ലേക്ക് മാറ്റി. സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *