സിറിയ: ആക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു


ദമാസ്കസ് > സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ അവസരമൊരുക്കി റഷ്യ ‘സുരക്ഷിത ഇടനാഴി’ പ്രഖ്യാപിച്ചിട്ടും വെടിവയ്പും ഷെല്ലാക്രമണവും തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്ബതുമുതല്‍ രണ്ടുവരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൗകര്യമൊരുക്കിക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് വെടിനിര്‍ത്തല്‍ (സുരക്ഷിത ഇടനാഴി) പ്രഖ്യാപിച്ചത്. എന്നാല്‍, രാവിലെ 9.30ഓടെ ആക്രമണം തുടങ്ങി.


വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ അറുനൂറോളം പേരാണ് സിറിയന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ 30 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കിയെങ്കിലും ആക്രമണം തുടരുകയായിരുന്നു.


തിങ്കളാഴ്ച രാസായുധം ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ദൗമയ്ക്ക് സമീപമുള്ള അല്‍-മര്‍ജിനെയും യുദ്ധവിമാനങ്ങള്‍ ലക്ഷ്യംവച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം നടക്കുന്നയിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ പ്രഖ്യാപിച്ച സുരക്ഷിത ഇടനാഴി ഫലം കണ്ടില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അല്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, രക്ഷാപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതെ വിമതര്‍ റോക്കറ്റുകള്‍കൊണ്ട് ആക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.



Sharing is Caring