കണ്ണൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം.പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെയാണ് ആക്രമണം. സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ ഇരുമ്പ് വടിയും ദണ്ഡയും ഉപയോഗിച്ച് കടന്നാക്രമിക്കുകയായിരുന്നു.
തലക്കും കൈകാലുകള്‍ക്കുമാണ് ഇരുമ്പ്വടികൊണ്ട് അടിയേറ്റത്. രണ്ട് കൈമുട്ടിനും കാല്‍മുട്ടിനും പരിക്കേറ്റു. അടിയേറ്റ് കഴുത്തിനും ക്ഷതമുണ്ട്. അര്‍ധബോധാവസ്ഥയിലുള്ള ശിവന്‍ ഇടയ്ക്കിടെ ഛര്‍ദിക്കുന്നുണ്ട്. സഹകരണആശുപത്രിയില്‍ അടിയന്തരമായി സ്കാനിങ്ങ് നടത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച സന്ധ്യക്ക് ആര്‍എസ്എസുകാര്‍ ശിവനെ തടഞ്ഞുനിര്‍ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കണ്ണവം സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ട്.

ശനിയാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ പൂഴിയോട് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് ശിവന്റെ നേതൃത്വത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വിരോധമാണ് ശിവന് നേരെ തിരിയാനുള്ള കാരണം. പൂഴിയോടുള്ള രജീഷ്, അനീശന്‍, സുനീഷ്, രാജീവന്‍, നിഖില്‍, ദാസന്‍, ഇത്താഖ് എന്ന രജി, സിപി ലിജോ, കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ഇരുപത്തിയാറ് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് അക്രമത്തിനിരയാവുന്ന മൂന്നാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് ശിവന്‍.













