സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്


സി പിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ഇപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇന്നറിയാം.


ആലപ്പുഴയിലെ സംഘടനാ പ്രശ്‌നങ്ങള്‍ മുതല്‍ ഇന്ധന സെസിനെതിരായ പ്രതിപക്ഷ സമരമടക്കം വിഷയങ്ങള്‍ സിപിഎം ചര്‍ച്ച ചെയ്യും.പി.ജയരാജന്‍ ഇപി ജയരാജനെതിരെ ഉന്നയിച്ച അതീവഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപി നിഷേധിച്ചിരുന്നു.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇപി വിശദീകരിച്ചിരുന്നു.


സംസ്ഥാന സമിതിയില്‍ തന്റെ നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം അന്ന് നിര്‍ദ്ദേശിച്ചത്. പക്ഷേ പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല.ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ പി.ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം.



Sharing is Caring