സിന്‍ഡിക്കേറ്റ് പ്രമേയം പാസായി; ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്


ലോ അക്കാദമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം.


അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കി. തുടര്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.


ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍ അഞ്ച് വര്‍ഷത്തേക്ക് ഇടപെടുന്നതിനാണ് സിന്‍ഡിക്കേറ്റ് യോഗം വിലക്കേര്‍പ്പെടുത്തിയത്.

കൂടുതല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കി സിന്‍ഡിക്കേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവി മരുമകള്‍ അനുരാധക്ക് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അധിക മാര്‍ക്ക് അനുവദിച്ച നടപടിയെ കുറിച്ച് പരീക്ഷാ വിഭാഗം അന്വേഷിച്ച് നടപടിയെടുക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

ലക്ഷിമിനായരുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചും മാര്‍ക്ക് ദാനത്തെ കുറിച്ചും അന്വേഷിക്കാന്‍ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

ലേഡിസ് ഹോസ്റ്റലിലെ കാമറ മാറ്റി സ്ഥാപിച്ച് എത്രയും പെട്ടെന്ന് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനും സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

ലക്ഷമി നായര്‍ക്കെതിരായ നടപടിയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം വോട്ടെടുപ്പിലേക്ക് നീണ്ടത്.

എട്ട് സി.പി.ഐ.എം അംഗങ്ങളും ഡി.പി.ഐയും ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ അനുകൂലിച്ചു. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സി.പി.ഐ അംഗവും പ്രമേയത്തെ എതിര്‍ത്തു.

തുടര്‍ന്നാണ് വിഷയം വോട്ടെടുപ്പിലേക്ക് നീണ്ടത്. ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ വിട്ടുനിന്നു. കൃത്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യാത്തതില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ലക്ഷ്മി നായരെ പുറത്താക്കണമെന്ന് പ്രമേയത്തില്‍ എഴുതി ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ലക്ഷമി നായര്‍ അവധിയെടുത്ത് മാറി നില്‍ക്കണമെന്ന സമാവായ ഫോര്‍മുലയാണ് സി.പി.എം അംഗങ്ങള്‍ മുന്നോട്ട് വെച്ചത്.

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കണമെന്ന് കോണ്‍ഗ്രസ്, സിപിഐ അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നാണ് സിപിഐഎം അംഗങ്ങള്‍ നിലപാടെടുത്തത്.

കോളേജ് അഫിലിയേഷന്‍ റദ്ദാക്കി സര്‍ക്കാര്‍ കോളേജ് ഏറ്റെടുക്കണമെന്ന് സിപിഐ-യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കടുത്ത നിലപാടുകള്‍ക്ക് സിപിഐഎം അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചു.

അതേസമയം ലക്ഷിനായര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു



Sharing is Caring