സിനിമയിലെ ലൈംഗിക ചൂഷണം: പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്


സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട എസ് പി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ലൈം​ഗിക അതിക്രമം ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണ് അതിക്രമം നടന്നതെന്ന് നടി ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇ-മെയില്‍ പരാതിയിലുണ്ട്. ആരോപണത്തെത്തുടർന്ന് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നു.


നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവനടി രേവതി സമ്പത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപിച്ചത്. യുവനടിക്കെതിരെ സിദ്ദിഖ് ഡിജിപിക്ക് നല്‍കിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.



Sharing is Caring