സാലറി ചലഞ്ചിലെ ആശയക്കുഴപ്പം മൂലം ശമ്പളവിതരണം വ്യാപകമായി തടസപ്പെട്ടു

തിരുവനന്തപുരം: സാലറി ചലഞ്ചിലെ ആശയക്കുഴപ്പം മൂലം പലയിടത്തും ശമ്പള വിതരണം മുടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ധനകാര്യ വകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പമാണ് ശമ്പളം വൈകാന്‍ കാരണം. ശമ്പളവിതരണം കാര്യമായി തടസ്സപ്പെട്ടിട്ടില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ധനവകുപ്പ് അവകാശപ്പെട്ടു.

സമ്മതപത്രം നല്‍കുന്നവരില്‍നിന്നുമാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പടിക്കാവൂ എന്നാണ് കോടതി ഉത്തരവ്. എല്ലാവരില്‍നിന്നും സമ്മതപത്രം സ്വീകരിച്ച് ശമ്പളബില്ലുകള്‍ പരിഷ്‌കരിക്കാനുള്ള കാലതാമസമാണ് ശമ്പളം തടസ്സപ്പെടാന്‍ കാരണം. മാസത്തിലെ ആദ്യ ഏഴ് പ്രവൃത്തിദിവസങ്ങളിലാണ് ശമ്പളം നല്‍കുക. അഞ്ചുലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് മാസം ആദ്യം ശമ്പളം നല്‍കേണ്ടത്. ഇതില്‍ അരലക്ഷത്തോളം പേരുടെ ബില്ലുകള്‍മാത്രമേ ഒന്നാംതീയതി മാറാനായിട്ടുള്ളൂ. സമ്മതപത്രം ഉള്‍പ്പെടുത്താത്തതിനാല്‍ ശേഷിച്ചവ ട്രഷറികളില്‍നിന്ന് തിരിച്ചയച്ചു.

ഈ മാസത്തെ ശമ്പളബില്ലുകള്‍ തയ്യാറാക്കിയ ശേഷമാണ് വിസമ്മതപത്രം ഒഴിവാക്കി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലേ ശമ്പളം പിടിക്കാവൂവെന്ന് കോടതി വിധിച്ചത്. ഇതോടെ എല്ലാവരില്‍നിന്നും സമ്മതപത്രം സ്വീകരിച്ച് ബില്ലുകളില്‍ മാറ്റം വരുത്തേണ്ടിവന്നു. തിരുത്തിയ ബില്ലുകള്‍ ഉള്‍പ്പെടുത്താന്‍ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കിലെ മാറ്റം ഇന്നേ പൂര്‍ത്തിയാവൂ.

സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. കഴിഞ്ഞമാസം സാലറി ചലഞ്ചില്‍ ശമ്പളം പിടിക്കാന്‍ അനുവദിച്ച ജീവനക്കാരില്‍ ഒരു വിഭാഗം ഇനിയും സമ്മതപത്രം നല്‍കാനുണ്ട്. സമ്മതപത്രം നല്‍കിയില്ലെങ്കില്‍ ഇവരില്‍നിന്ന് ശമ്പളം പിടിക്കാനാവില്ല. അതിനാല്‍ ശേഷിക്കുന്നവരില്‍നിന്നുകൂടി സമ്മതപത്രം എത്രയും പെട്ടെന്ന് ഈടാക്കാനാണ് ഭരണാനുകൂല സംഘടനകളുടെ ശ്രമം.

ഒരു ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കുംകൂടി ഒറ്റ ശമ്പളബില്ലാണ് തയ്യാറാക്കുന്നത്. അതിനാല്‍ ഓഫീസില്‍ ശേഷിക്കുന്നവരുടെകൂടി സമ്മതപത്രം ലഭിക്കുംവരെ ബില്‍ മാറ്റിയെഴുതാനാവില്ല. സാലറി ചലഞ്ചില്‍ പങ്കെടുത്തവരെല്ലാം സമ്മതപത്രം നല്‍കുന്നതുവരെ പുതിയ ബില്ലുകള്‍ തയ്യാറാക്കേണ്ടതില്ലെന്ന വാക്കാലുള്ള നിര്‍ദേശവും ചില ശമ്പളവിതരണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി ആരോപണമുണ്ട്.

കഴിഞ്ഞമാസം ശമ്പളം നല്‍കാന്‍ തയ്യാറായ 2.88 ലക്ഷം ജീവനക്കാരില്‍ ഭൂരിപക്ഷവും സമ്മതപത്രം നല്‍കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൂടുതല്‍പേര്‍ ചേരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *