സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നത് ഉദാരമാക്കണം;നിര്‍മലാ സീതാരാമന്‍

സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നത് ഉദാരമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തിനകത്ത് എല്ലാ ഉപഭോക്താക്കള്‍ക്കും റുപേ കാര്‍ഡ് നല്‍കണമെന്നും ഡിജിറ്റല്‍ രൂപത്തിലല്ലാത്ത പേമെന്റുകള്‍ നിരുത്സാഹപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. എല്ലാ എക്കൗണ്ടുകളും 2021 മാര്‍ച്ച്‌ 31നകം ആധാര്‍ നമ്ബറുമായി ബന്ധപ്പെടുത്തിയിരിക്കണമെന്നും കേന്ദ്രധനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

കോവിഡ് നമുക്കിടയില്‍ അകലം സൃഷ്ടിച്ചുവെങ്കിലും ഉപഭോക്താക്കളില്‍ നിന്നല്ല, വൈറസില്‍ നിന്നാണ് ബിസിനസുകാര്‍ അകലം പാലിക്കേണ്ടതുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കേണ്ടതിനെ കുറിച്ച്‌ ധനമന്ത്രി സൂചിപ്പിച്ചു. മാസ്റ്റര്‍കാര്‍ഡ്, വിസ തുടങ്ങിയവയുടെ മാതൃകയില്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2012 ല്‍ പുറത്തിറക്കിയതാണ് റുപേ കാര്‍ഡ്. ഇന്ത്യക്ക് പുറമേ സിംഗപ്പൂര്‍, ഭൂട്ടാന്‍, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളും റുപേ കാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.

2020 ജനുവരിയിലെ കണക്കനുസരിച്ച്‌ 600 ദശലക്ഷത്തിലേറെ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ, സ്വകാര്യമേഖല, റീജ്യണല്‍ റൂറല്‍ കോ ഓപറേറ്റീവ് ബാങ്കുകള്‍ അടക്കമുള്ളവ റൂപേ കാര്‍ഡ് നല്‍കി വരുന്നു. 2014 ല്‍ അവതരിപ്പിച്ച പ്രൈം മിനിസ്റ്റര്‍ ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ തുടങ്ങിയ എക്കൗണ്ടുകള്‍ക്ക് റുപേ കാര്‍ഡ് നിര്‍ബന്ധമാക്കിയതും ഈ കാര്‍ഡിന് നേട്ടമായി. 42 കോടി ജന്‍ ധന്‍ എക്കൗണ്ടുകളാണ് രാജ്യത്തുള്ളത്.

ആധാര്‍ നമ്ബര്‍ ബാങ്ക് എക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് അടുത്ത മാര്‍ച്ച്‌ 31 വരെ അവസരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *