സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു. മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് എല്ലാ ഓപ്പറേഷനും മാറ്റിയെന്ന് കാണ്ടി ജില്ലയിലെ പെറഡേനിയ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. അനസ്തീഷ്യക്കും ഓപ്പറേഷനുമുള്ള ഔഷധങ്ങള്‍ കിട്ടാതായി. മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
വിദേശനാണ്യത്തിന്റെ ദൗര്‍ലഭ്യം പ്രതിസന്ധിയിലാക്കിയ ശ്രീലങ്ക അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിലടക്കം പ്രശ്നം നേരിടുകയാണ്. പേപ്പര്‍ ലഭിക്കാനില്ലാത്തതിനാല്‍ പരീക്ഷകള്‍ റദ്ദാക്കുകയും വര്‍ത്തമാനപത്രങ്ങള്‍ അച്ചടി നിര്‍ത്തുകയും ചെയ്തു. അവശ്യവസ്തുക്കള്‍ക്കെല്ലാം തീവിലയാണ്. പെട്രോള്‍ പമ്പുകള്‍ സംഘര്‍ഷ മേഖലകളായിട്ടുണ്ട്.

അതേസമയം, വടക്കന്‍ ജാഫ്നയില്‍ സംയുക്ത ഹൈബ്രിഡ് വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും ധാരണയില്‍ ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷം ലങ്കന്‍ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയില്‍നിന്ന് ചൈന പിന്മാറിയതിനെ തുടര്‍ന്നാണ് ഇന്ത്യയുമായി ചേര്‍ന്നുള്ള പദ്ധതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *