കൊവിഡ് കോളര്‍ട്യൂണ്‍ ഇനിയില്ല

ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ട്യൂണും നിര്‍ത്താന്‍ ആലോചിക്കുന്നത്. എന്നുമുതല്‍ നിര്‍ത്തുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

രാജ്യത്ത് വൈറസ് പിടിമുറുക്കിത്തുടങ്ങിയ ഘട്ടത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഫോണുകളില്‍ കോളര്‍ട്യൂണായി കൊവിഡ് ബോധവല്‍ക്കരണ സന്ദേശവും നല്‍കിത്തുടങ്ങിയത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു സന്ദേശമുണ്ടായിരുന്നത്. കൊവിഡിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും സുരക്ഷാനടപടിക്രമങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു സന്ദേശത്തിലൂടെ.
പിന്നീട് കോളര്‍ട്യൂണ്‍ പ്രാദേശിക ഭാഷകളിലേക്കും സ്ത്രീയുടെ ശബ്ദത്തിലേക്കും മാറി. പലപ്പോഴും സന്ദേശത്തിന്റെ ഉള്ളടക്കവും മാറി. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വാക്സിനെടുക്കാനുമുള്ള നിര്‍ദേശങ്ങളും ഇതുവഴി നല്‍കിയിരുന്നു. തുടക്കത്തില്‍ കൗതുകത്തോടെ കേട്ട കോളര്‍ട്യൂണ്‍ അടിയന്തര ഫോണ്‍വിളിക്കടക്കം തടസമാകുകയും പിന്നീട് അരോചകമായിമാറുന്നതായുമെല്ലാം പരാതിയുയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *