സര്‍വേയിലുള്ളത് കെട്ടിച്ചമച്ച ചോദ്യങ്ങളും മോദി ഭക്തര്‍ തയാറാക്കിയ ഉത്തരങ്ങളും: കോണ്‍ഗ്രസ്


500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കറന്‍സി പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഭിപ്രായ സര്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും അന്ധരായ മോദി ഭക്തര്‍ മുന്‍കൂട്ടി തയാറാക്കിയ ഉത്തരങ്ങളുമാണ് ഈ സര്‍വേയുടെ സവിശേഷതയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാകുന്ന നരേന്ദ്ര മോദി ആപ്പിലാണു കറന്‍സി പരിഷ്കരണ നടപടികളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയത്. നോട്ട് അസാധുവാക്കലിന് വന്‍ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന സര്‍വേഫലം ഇന്നലെ വൈകിട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.


ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 93 ശതമാനം പേരും നോട്ട് അസാധുവാക്കിയ നടപടിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചതായാണ് അവകാശവാദം. മോദിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സര്‍വേഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. അഞ്ചു ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയിലാണ് 93 ശതമാനം ആളുകളും മോദി സര്‍ക്കാരിന്റെ കറന്‍സി പരിഷ്കരണ നടപടികളെ പിന്തുണച്ചത്.
കറന്‍സി അസാധുവാക്കലിനെക്കുറിച്ച്‌ നടത്തിയ സ്വയം നിര്‍മിത സര്‍വേയിലൂടെ മറ്റൊരു നുണകൂടി മോദി സര്‍ക്കാര്‍ പടച്ചുവിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഇത്തരം ഗിമ്മിക്കുകളിലൂടെ രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും മോദി ഭക്തര്‍ മുന്‍കൂട്ടി തയാറാക്കിയ ഉത്തരങ്ങളുമടങ്ങിയ കൃത്രിമ സര്‍വേയാണ് ഇത്. ആളുകള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം നല്‍കാത്ത ചില വാക്ശരങ്ങള്‍ മാത്രമാണ് സര്‍വേയിലുണ്ടായിരുന്നത്. രാജ്യത്തെ സാധാരണക്കാരന്റെ വേദന ആര്‍ക്കാണ് വിഷയമെന്നും അദ്ദേഹം ചോദിച്ചു.




Sharing is Caring