സര്‍വീസ് ചാര്‍ജ് തരാനാവില്ലെങ്കില്‍ കഴിക്കാതിരിക്കാം; സര്‍ക്കാരിന് ഹോട്ടല്‍ സംഘടനയുടെ മറുപടി


ഉപഭോക്താവിന് തൃപ്തിയായില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കാതിരിക്കാമെന്ന ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ‘തര്‍ക്കുത്തര’വുമായി ഹോട്ടല്‍ സംഘടന. സര്‍വീസ് ചാര്‍ജ് നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ആ ഹോട്ടലില്‍ നിന്ന് കഴിക്കാതിരിക്കാമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മറുപടി.
ഉപഭോക്തൃസംരക്ഷണ നിയമപ്രകാരമാണ് ഭോജനശാലകളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ആര്‍.എ.ഐ. പ്രസിഡന്റ് റിയാസ് അംലാനി പ്രതികരിച്ചു. വിലവിവരപ്പട്ടികയില്‍ സര്‍വീസ് ചാര്‍ജിനെ കുറിച്ച്‌ വ്യക്തമായി എഴുതിയിട്ടുണ്ട്. അന്യായമായ കച്ചവടതന്ത്രങ്ങളൊന്നും ഞങ്ങള്‍ പ്രയോഗിക്കുന്നില്ല എന്നും അംലാനി കൂട്ടിച്ചേര്‍ത്തു.


സര്‍വീസ് ചാര്‍ജുകളിലും അധികം സര്‍ക്കാരിന്റെ നികുതി സംബന്ധിച്ചാണ് ഉപഭോക്താക്കള്‍ പരാതി പറയുന്നതെന്ന് ഒരു ഹോട്ടലുടമ ചൂണ്ടിക്കാട്ടുന്നു. നികുതി കുറയ്ക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാതെ, ഉപഭോക്താക്കള്‍ സന്തോഷത്തോടെ നല്‍കുന്ന സര്‍വീസ് ചാര്‍ജ് കുറയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബില്ലില്‍ നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും അഞ്ചുമുതല്‍ 20 വരെ ശതമാനം സര്‍വീസ് ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഇടപെടല്‍.
ഉപഭോക്താവിനു താല്‍പര്യമില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. ഉപഭോക്താവിനു താല്‍പര്യമുണ്ടെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയെന്നും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇക്കാര്യം കാണത്തക്ക വിധം ബോര്‍ഡ് വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിര്‍ദേശം നല്‍കാനും ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring