നടപടികള്‍ വൈകരുത്; ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശം


വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് എസ്.പിമാര്‍ക്ക് തീരുമാനിക്കാമെന്നും ഡി.ജി.പി പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡി.ജി.പി വിളിച്ച്‌ ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് പരാതികളില്‍ നടപടി വൈകരുതെന്ന കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
തോട്ടണ്ടി ഇറക്കുമതി നടത്തിയതില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ക്രമക്കേട് നടത്തിയെന്ന പരാതി പരിഗണിക്കുമ്ബോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചത്.


മന്ത്രിയായിരുന്ന ഇ.പി ജയരാജനും ഐ.ജി ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് കാരണമെന്താണെന്നും കോടതി ചോദിച്ചിരുന്നു.
കോടതി പരാമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജേക്കബ് തോമസിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഉന്നത തല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.




Sharing is Caring