സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; നിയമം നടപ്പാക്കിയതിന് തന്നെ സ്ഥലം മാറ്റി

തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഡിജിപി ജേക്കബ് തോമസിന് പ്രതിഷേധം. നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. തന്നെ മാറ്റിയത് എന്തിനെന്ന് അറിയണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഉത്തരവ് കിട്ടിയിട്ടില്ല. കണ്‍സ്ട്രക്ഷന്‍ എംഡിയായി താന്‍ ചുമതലയേക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്തായാലും എഡിജിപി ഇരുന്ന തസ്തികയിലേക്ക് താന്‍ പോകില്ല. ഫയര്‍ഫോഴ്സ് ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ കണ്‍സ്ട്രക്ഷന്‍ എംഡിയായാണ് ഇന്നലെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. എഡിജിപി അനില്‍കാന്തിനാണ് ഫയര്‍ഫോഴ്സിന്റെ പുതിയ ചുമതല. അനധികൃത ഫ്ളാറ്റുകളുടെ ലൈസന്‍സ് അപേക്ഷകള്‍ നേരത്തെ ജേക്കബ് തോമസ് നിരസിച്ചിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവന്നത്. ഫ്ളാറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. സമ്മര്‍ദം ശക്തമായതോടെ അവധിയില്‍ പോകാന്‍ ഒരുങ്ങവെയാണ് സ്ഥാനമാറ്റം. നേരത്തെ വിജിലന്‍സ് എഡിജിപിയായിരുന്നപ്പോള്‍ ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെയും പാറ്റൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെയും ജേക്കബ് തോമസ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ഫ്ളാറ്റ് ലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *