സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട, പ്രാദേശികമായി നിയന്ത്രണം കടുപ്പിക്കണം: സിപിഎം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സിപിഎം. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

കോവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു മുന്നോടിയായാണ് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കു പലവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കും. അതു കണക്കിലെടുക്കണം. കോവിഡ് വ്യാപനം തടയുന്നതിന് അതത് ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം കടിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി വിലയിരുത്തി. ഈ നിലപാടായിരിക്കും സര്‍വകക്ഷി യോഗത്തില്‍ സിപിഎം സ്വീകരിക്കുക.

സമ്ബൂര്‍ണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ എതിരഭിപ്രായവും ശക്തമാണ്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. അതിനുശേഷമാകും വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *