കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും.

പുല്ലുവിളയിലെ ആറു വാര്‍ഡുകളിലാണ് കൊറോണ രോഗവ്യാപനം ഉള്ളത്. ഈ മാസം 15 ന് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈറിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട 671 പേര്‍ക്ക് കൊറോണ ടെസ്റ്റുകള്‍ നടത്തുകയും അതില്‍ 288 പേര്‍ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ എല്ലാം കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചത് കൂടാതെ ആര്‍ആര്‍ടി, വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *