സമനില പൊരുതി നേടി ലങ്ക: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 1-0ത്തിന് നേടി ഇന്ത്യ ഒന്‍പത് തുടര്‍ ടെസ്റ്റ് പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡിനൊപ്പമെത്തി. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര രണ്ടാം ടെസ്റ്റിലെ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.
തുടര്‍ച്ചയായ ഒന്‍പത് ടെസ്റ്റ് വിജയങ്ങളെന്ന ആസ്‌ത്രേലിയയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഇന്ത്യക്കായി. ഇന്ത്യ മുന്നോട്ട് വച്ച 410 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക അഞ്ചാം ദിനത്തില്‍ ധീരമായി ചെറുത്തു നിന്ന് മത്സരം തുല്ല്യതയിലെത്തിച്ചു. അവരുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മൂന്നാം ടെസ്റ്റിലേയും പരമ്പരയിലേയും താരമായി.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 (ഡിക്ല), രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 (ഡിക്ല). ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് 373, രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299.
മധ്യനിര ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വ (119 റിട്ടയേര്‍ഡ്) കിടയറ്റ സെഞ്ച്വറിയുമായി പൊരുതി നില്‍ക്കാന്‍ നേതൃത്വം നല്‍കിയപ്പോള്‍ പിന്നാലെയെത്തിയ റോഷന്‍ സില്‍വ (പുറത്താകാതെ 74), നിരോഷന്‍ ഡിക്ക്‌വെല്ല (പുറത്താകാതെ 44), ചാന്‍ഡിമല്‍ (36) എന്നിവരും മികവ് പുലര്‍ത്തിയതോടെ ലങ്ക തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു.
നേരത്തെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ അവസാന ദിനത്തില്‍ ലങ്കയുടെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചത്. കരിയറിലെ മൂന്നാം ടെസ്റ്റ് ശതകം നേടിയ ധനഞ്ജയ റിട്ടയേര്‍ഡായി.
പരുക്കിനെ തുടര്‍ന്നാണ് താരം ക്രീസ് വിട്ടത്. പിന്നാലെയെത്തിയ സില്‍വ- ഡിക്ക്‌വെല്ല സഖ്യം ആത്മവിശ്വാസത്തോടെ ബാറ്റിങ് തുടര്‍ന്നപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി ജഡേജ മൂന്നും അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *