സപ്ലൈകോ മില്ലുടമകള്‍ സംഭരണം നിര്‍ത്തി രണ്ടായിരത്തിലേറെ ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

തൃശൂര്‍: സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുടമകള്‍ സംഭരണം നിര്‍ത്തിയതോടെ വിവിധ കോള്‍പ്പടവുകളിലായി രണ്ടായിരത്തിലേറെ ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു. നെല്ലെടുപ്പ് തടസ്സപ്പെട്ടതോടെ പതിനായിരം ഏക്കറോളം കൃഷിയിടത്തില്‍ കര്‍ഷകര്‍ കൊയ്ത്ത് നിര്‍ത്തി. കഴിഞ്ഞ ദിവസം കുട്ടനാടന്‍ മേഖലയില്‍ നെല്ല് സംഭരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭരണം നിര്‍ത്തിവയ്ക്കാന്‍ മില്ലുടമകളെ പ്രേരിപ്പിച്ചത്. സംഭരണവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും പലയിടത്തും ഗുണനിലവാരം കുറഞ്ഞ നെല്ലാണ് ലഭിക്കുന്നതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

കൊയ്ത്ത് നടക്കുന്ന പൊണ്ണമുതയിലും മതുക്കര തെക്കേപ്പുറം പടവിലും കൊയ്ത്ത് നിര്‍ത്തിവെച്ചു. പൊണ്ണമുതയില്‍ ആയിരത്തോളം ചാക്ക് നെല്ലാണ് കെട്ടിക്കിടക്കുന്നത്. കൊയ്ത്ത് നടക്കുന്ന ചേര്‍പ്പ് മേഖലയിലും കാഞ്ഞാണി മേഖലയിലും നെല്ല് കെട്ടിക്കിടക്കുന്നു.

കിഴക്കേ കരിമ്പാടം, ഏലമുത, പടിഞ്ഞാറും കിഴക്കുമുള്ള കരിമ്പാടങ്ങള്‍, അരിമ്പൂര്‍ മേഖലയിലെ പത്തോളം കോള്‍ നിലങ്ങള്‍, അടാട്ട് പടവ്, ചേറ്റുപുഴ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായി കൊയ്ത്ത് നടക്കാനിരിക്കെയാണ് മില്ലുടമകളുടെ സമരമെന്ന് കര്‍ഷക സമിതി കോഓര്‍ഡിനേറ്റര്‍ പി. പരമേശ്വരന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. ഇതര ജില്ലകളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് സംഭരണം തടസ്സപ്പെടുത്തിയത് ശരിയായില്ലെന്നും നെല്ലെടുപ്പ് മില്ലുടമകള്‍ ത്വരിതപ്പെടുത്തണമെന്നും കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി.എന്‍. സുര്‍ജിത്ത്, മണലൂര്‍ ഏരിയാ പ്രസിഡന്റ് കെ.പി. ആലി എന്നിവര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *