സഞ്ചാരികള്‍ക്ക് സ്വാഗതമോതി ‘വയലട’

കെ കെ ജയേഷ്
കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ അത്ര വലിയ സ്ഥാനമൊന്നും അവകാശപ്പെടാനില്ലാത്ത ജില്ലയാണ് കോഴിക്കോട്. കാപ്പാട് ബീച്ചിലും താമരശ്ശേരി ചുരത്തിലുമെല്ലാം ഒതുങ്ങി നില്‍ക്കുകയായിരുന്നു ഇതുവരെ വിനോദ സഞ്ചാര രംഗത്തെ കോഴിക്കോടിന്റെ സാധ്യതകള്‍. സമൂഹ മാധ്യമങ്ങള്‍ കരുത്താര്‍ജ്ജിച്ചതോടെ കോഴിക്കോടിന്റെ പല ഉള്‍നാടന്‍ പ്രദേശങ്ങളുമിപ്പോള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. കക്കാടം പൊയിലും കക്കയവും കരിയാത്തന്‍പാറയും പെരുവെണ്ണാമൂഴിയുമെല്ലാം സജീവമായ ജില്ലയിലെ മറ്റൊരു ആകര്‍ഷണീയമായ കേന്ദ്രമാണ് വയലടയും.

മലബാറിന്റെ ഗവിയെന്ന പേര് ആരാണ് വയലടയ്ക്ക് ചാര്‍ത്തിക്കൊടുത്തതെന്ന് അറിയില്ല. എന്നാല്‍ ഈ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു പ്രദേശമാണ് മലമുകളിലുള്ള വയലട. മഴ ശക്തമായാല്‍ കുത്തിയൊലിക്കുന്ന കാട്ടരുവികളും പാറക്കൂട്ടങ്ങളും കാപ്പിച്ചെടികളും കാടും മലയുമെല്ലാമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് വയലട. ഗവിയിലേക്കെന്ന പോലെ വയലടയിലേക്കും എത്തിച്ചേരാന്‍ അല്‍പ്പം പ്രയാസമാണ്. ഒരു കെ എസ് ആര്‍ ടി സി ബസ് മാത്രമാണ് മലമുകളിലെ ഈ വിനോദ സ്ചാര കേന്ദ്രത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഈ ഉള്‍നാടന്‍ പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതും പ്രധാനമായി ഈ ബസ്സാണെന്ന് പറയാം. ബസ് കിട്ടിയില്ലെങ്കില്‍ സ്വകാര്യ വാഹനങ്ങളെ തന്നെ ആശ്രയിക്കണം ഇവിടെയെത്താന്‍.

കോഴിക്കോട് ബാലുശ്ശേരിയ്ക്ക് അടുത്താണ് വയലട. കൂടുതല്‍ പ്രശസ്തമായ സ്ഥലമൊന്നും അല്ലെങ്കിലും അടുത്ത കാലത്തായി ധാരാളം സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ബാലുശ്ശേരി കണ്ണാടിപ്പൊയിലിലൂടെ പോയാല്‍ കുറുമ്പൊയില്‍ എന്ന കൊച്ചു അങ്ങാടിയിലെത്തും. മലകള്‍ കാവല്‍ നില്‍ക്കുന്ന ഒരു അങ്ങാടി. ഇവിടെ നിന്നും കുത്തനെയുള്ള കയറ്റം കയറി വേണം വയലടയിലേക്ക് പോകാന്‍. പോകുമ്പോള്‍ ഒരു വശത്ത് പാറയിടുക്കുകളിലൂടെ വെള്ളം കുതിച്ചു ചാടുന്നത് കാണാം.

കയറ്റം കയറിച്ചെന്നാല്‍ തോരാട് എന്നൊരു പ്രദേശത്തെത്തും. ഇവിടെ നിന്ന് ആള്‍പ്പാര്‍പ്പ് കുറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോയാല്‍ വയലട അങ്ങാടിയായി. വലിയൊരു അങ്ങാടിയൊന്നും പ്രതീക്ഷിക്കരുത്. ഒരു പള്ളിയും പ്രാഥമികാരോഗ്യ കേന്ദ്രവും സ്‌കൂളുമൊക്കെ മാത്രമാണ് വയലട അങ്ങാടിയിലുള്ളത്. ചില റിസോര്‍ട്ടുകളുടെ പണി നടക്കുന്നുണ്ട്. ഭക്ഷണം കഴിക്കണമെങ്കില്‍ നല്ലൊരു ഹോട്ടല്‍ പോലും ഇവിടെയില്ല. എങ്കിലും ശാന്തവും തണുപ്പ് നിറഞ്ഞതുമായ അന്തരീക്ഷം ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

അങ്ങാടിയില്‍ നിന്ന് മുള്ളന്‍പാറയിലേക്കുള്ള യാത്ര തുടങ്ങുന്നു. നടന്നു തന്നെ കയറണം ഇവിടേക്ക്. കാപ്പിത്തോട്ടത്തിന് ഇടയിലൂടെയുള്ള ചെറിയ ഒറ്റയടിപ്പാത. പാത അവസാനിക്കുന്നിടത്ത് നിന്ന് വീണ്ടും കയറ്റം തുടങ്ങുന്നു. അവസാനം മുള്ള് നിറഞ്ഞ പാറയിലെത്തും. മുള്ളന്‍പാറയിലെ വ്യൂപോയിന്റില്‍ നിന്നാല്‍ കക്കയം ഡാമിന്റെ റിസര്‍വ്വോയര്‍ കാണാം. കക്കയം ഡാമില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളമാണ് താഴ് വരയില്‍ വലിയ ജലാശയം പോലെ കാണുന്നത്. പാറയെ ഇടയ്ക്കിടെ കോടമഞ്ഞ് വന്ന് മൂടുന്നു. ആകാശ നീലിമയും കാട്ടുമരങ്ങളുടെ പച്ചപ്പും കോടമഞ്ഞും കൂടിക്കലര്‍ന്ന കാഴ്ച. കാട്ടിനുള്ളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജ നടക്കുന്ന ചെറിയൊരു കാവുണ്ട്. മഹാദേവന്‍ തപസ്സിരിക്കുന്ന സ്ഥലമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

മൗണ്ട് വയലട വ്യൂ പോയിന്റ്, ഐലന്റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയിന്റ് തുടങ്ങിയ മുനമ്പുകളാണ് ഇവിടെ സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കുന്നത്. താമരശ്ശേരി നിന്ന് എസ്റ്റേറ്റ് മുക്ക് -തലയാട് വഴിയും ഇവിടേക്കെത്താം. കക്കയം, കരിയാത്തന്‍പാറ പ്രദേശങ്ങള്‍ സമീപത്തായതുകൊണ്ട് അതിമനോഹരമായ ഈ പ്രദേശങ്ങളും കൂടി കണ്ട് മടങ്ങാമെന്ന സൗകര്യവും സഞ്ചാരികള്‍ക്കുണ്ട്. വയലട നിന്ന് തലയാട് വഴി എളുപ്പം കരിയാത്തന്‍ പാറയിലേക്കെത്താം. സ്ഫടിക തുല്യമാണ് വെള്ളത്തില്‍ ഒരു നീന്തിക്കുളിയൊക്കെ പാസ്സാക്കി, കുതിര സവാരിയും നടത്തി കക്കയം ഡാം സൈറ്റിലേക്ക് ചുരം കയറാം. കൊടുങ്കാട്ടിലൂടെ മലമുകളിലേക്കുള്ള യാത്ര. ഡാമും ഉരക്കുഴി വെള്ളച്ചാട്ടവുമെല്ലാം കണ്ട് മലയിറങ്ങാം.

ബാലുശ്ശേരിയില്‍ നിന്ന് അധികം ദൂരെയല്ലാത്ത വയലടയിലേക്ക് യാത്രാ സൗകര്യം കുറവാണെന്നതാണ് നാട്ടുകാരെയും സഞ്ചാരികളെയും പ്രയാസത്തിലാക്കുന്നത്. കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്കെത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ഹോട്ടലോ മറ്റ് താമസ സ സൗകര്യമോ ഇവിടെയില്ല. ഇവിടെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ടൂറിസം കേന്ദ്രമായ ഇവിടെ ഫോണിന് റേഞ്ച് കിട്ടാത്തത് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആശയ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തത് കാരണം തോരാട്, വയലട, കാന്തലാട് പ്രദേശത്തുകാര്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.

സ്ഥലം കാണാനെത്തുന്നവര്‍ മദ്യപിച്ച് വഴുക്കലുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാനിറങ്ങുന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. ആവശ്യമായ സുരക്ഷാ സംവിധാനമൊന്നും ഇവിടെയില്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തന്നെ ആരും അറിയാതെ പോകുന്ന സ്ഥിതിയാണ്. ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി യാഥാര്‍ത്ഥ്യമായാല്‍ വയലട കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *