സഊദി എയര്‍ലൈന്‍ ജിദ്ദ-തിരുവനന്തപുരം സര്‍വ്വീസ് താല്‍ക്കാലികമായി ഉപേക്ഷിച്ചു


സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ച ജിദ്ദതിരുവന്തപുരം സര്‍വ്വീസ് താല്‍ക്കാലികമായി
ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ഇത് വരെ അനുമതി ലഭിക്കാത്തതാണ് സഊദിയയെ ഈ റൂട്ടിലുള്ള സര്‍വ്വീസ് നീക്കം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. എന്നാല്‍, പുതിയ നീക്കത്തോടെ ഏജന്‍സികളുടെ ടിക്കറ്റ് ബുക്കിങ് സിസ്റ്റത്തില്‍ നിന്നും ഈ സര്‍വ്വീസ് എടുത്തു മാറ്റിയിരിക്കുകയാണ്. അടുത്ത മാസം മുതല്‍ ശനി, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്നും നേരിട്ട് സര്‍വ്വീസ് നടത്തുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്.


തിരുവന്തപുരത്തേക്കുള്ള സര്‍വ്വീസ് താല്‍കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ കോഴിക്കോട് സെക്റ്ററിലേക്ക് സര്‍വ്വീസ് പുനഃസ്ഥാപിക്കാനുള്ള നീക്കവും സഊദി എയര്‍ലൈന്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ റണ്‍വേ നവീകരണം മൂലം നിര്‍ത്തിവെച്ച കോഴിക്കോട് സര്‍വ്വീസ്, നവീകരണം പൂര്‍ത്തിയായ സ്ഥിതിക്ക് വീണ്ടും തുടരാനാണ് തീരുമാനം. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ എ 350 വിഭാഗത്തില്‍ പെട്ട ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് കോഴിക്കോട് സര്‍വ്വീസ് നടത്താനാവുമോയെന്നാണ് സഊദിയ പരിശോധിക്കുന്നത്. 250 ഓളം ആളുകളെ ഉള്‍ക്കൊള്ളാവുന്ന ഇടത്തരത്തിലുള്ള ഈ വിമാനം ഉപയോഗിച്ച് വലിയ വിമാനം എന്ന രീതിയിലുള്ള വിലങ്ങു തടി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് സഊദിയ.
നേരത്തെ കോഴിക്കോട് കരിപ്പൂരിലേക്ക് സഊദിയ നടത്തിയിരുന്ന വിമാന സര്‍വ്വീസ് ഇപ്പോള്‍ കൊച്ചിയിലേക്കാണ് നടത്തുന്നത്.


നിലവിലെ കൊച്ചി സര്‍വ്വീസിന് പുറമെയാണിത്. നിലവില്‍ ഇന്ത്യയിലേ അഞ്ചു നഗരങ്ങളിലെക്കാണ് സഊദിയ നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ പുതിയ വിമാനത്താവളത്തിലേക്ക് തല്‍ക്കാലം സര്‍വ്വീസ് അനുവദിക്കാനാകില്ലെന്ന അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം സര്‍വ്വീസിനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു. പിന്നീട് അടുത്ത വര്ഷം വീണ്ടും സാധ്യമാക്കാനുള്ള ശ്രമം ആരംഭിക്കാനാണ് സഊദിയയുടെ തീരുമാനം. ഇതോടെ, തെക്കന്‍ ജില്ലക്കാര്‍ക്കും തമിഴ്‌നാട് അതിര്‍ത്തികളിലും ഉള്ള ജിദ്ദ പ്രവാസികള്‍ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസിനായുള്ള കാത്തിരിപ്പ് തുടരാനാണ് വിധി. നിലവില്‍ ജിദ്ദയില്‍ നിന്ന് ഒരു വിമാന കമ്പനിയും തിരുവന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നില്ല.



Sharing is Caring