ഡല്‍ഹിയിലെ കോവിഡ് മരണങ്ങള് സംസ്ഥാന സര്‍ക്കാര്‍ മൂടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ 1,150 മരണമെങ്കിലും ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഏഴ് പൊതുശ്മശാനങ്ങളിലും സന്ദര്‍ശിച്ചാണ് മരണങ്ങളുടെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) കീഴിലുള്ള 26 ശ്മശാനങ്ങളില്‍ ഏപ്രില്‍ 18 നും 24 നും ഇടയില്‍ കോവിഡ് ബാധിച്ച് മരിച്ച 3,096 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതേ ആഴ്ചയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചത് 1,938 പേര് മാത്രം. അതായത് 1,158 മരണങ്ങള് ഔദ്യോഗിക കണക്കില്‍പ്പെട്ടില്ല.
ആശുപത്രികളില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. വീട്ടില്‍ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ വിവരങ്ങളും ഔദ്യോഗിക കണക്കില്‍ വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ കൂട്ടസംസ്കാരം നടക്കുന്ന ഗാസിപുര്‍ ശ്മശാനത്തില്‍നിന്നുള്ള കാഴ്ചകള്‍ ഇത് സ്ഥിരീകരിക്കുന്നു.
സംസ്കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങളുടെ റിപ്പോര്‍ട്ടില്‍ കോവിഡ് മരണം അല്ലെങ്കില്‍ സ്വഭാവിക മരണം എന്നാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കില്‍ അത് കോവിഡ് മരണമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ വീട്ടിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ കോവിഡ് മരണമാണെന്ന് ഉറപ്പ് പറയാനാവില്ല. അതിനാല്‍ വീട്ടില്‍നിന്നും എത്തിക്കുന്ന മൃതദേഹങ്ങള്‍ സ്വഭാവിക മരണമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗാസിപുര്‍ ശ്മശാന ജീവനക്കാരന് പറയുന്നു.
ഗാസിപൂരില്‍, കോവിഡ് ബാധിച്ച് മരിച്ച പിതാവിനെ സംസ്കരിക്കാന്‍ മക്കളായ മനീഷും നീല്‍ ഗുപ്തയും നാല് മണിക്കൂറാണ് കാത്തിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പിതാവ് വീട്ടില്‍ വച്ച് മരിച്ചെന്ന് മനീഷ് ഗുപ്ത പറഞ്ഞു. ഓക്സിജന്‍ ലഭിക്കാതെ വന്നതോടെയാണ് അച്ഛന് മരിച്ചത്. വീട്ടില്‍ വച്ചായിരുന്നു മരണം.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ പോയി. എവിടെയും പരിഗണിച്ചില്ല. കിടക്കകളുണ്ടായിരുന്നിട്ട് കൂടിയും ചികിത്സ നല്‍കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം സംസ്കരിക്കാന്‍ പുലര്‍ച്ച മുതല്‍ കാത്തിരിക്കുകയാണ്. നേരത്തെ ഓക്സിജന്‍ ലഭിച്ചില്ല, ഇപ്പോള്‍ സംസ്കാരവും. ഈ സര്‍ക്കാര്‍ കഴിവുകെട്ടതാണെന്ന് മനീഷ് ഗുപ്ത പറഞ്ഞു.
ഡല്‍ഹിയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ശ്മശാനമായ നിഗംബോധ് ഘട്ടില്‍ ദൂരെനിന്നും കട്ടിയുള്ള കറുത്ത പുക കാണാനാവും. ഇവിടെ പ്രതിദിന സംസ്കാരങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി ഉയര്‍ന്നിട്ടുണ്ട്. മുപ്പതോളം പേരെയാണ് ഒരു ദിവസം ഇവിടെ സംസ്കരിക്കുന്നത്.
എല്ലാ ശ്മശാനങ്ങളിലും സംസ്കാരത്തിനായി മരിച്ചവരുടെ കുടുംബങ്ങള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നു. തെക്കന്‍ ഡല്‍ഹിയിലെ സരായ് കാലെ ഖാന് ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. ഒരു ദിവസം 20 മൃതദേഹങ്ങള്‍ മാത്രം കൈകാര്യം ചെയ്യുള്ള ശേഷിയാണ് ഇവിടെയുള്ളത്. എന്നാല്‍ ദിവസം 60 മുതല്‍ 70 വരെ മൃതദേഹങ്ങളാണ് എത്തുന്നത്. മൃതദേഹങ്ങള്‍ കൂടിയതോടെ തൊട്ടടുത്ത പാര്‍ക്കില്‍ സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കേണ്ടിവന്നിരിക്കുകയാണ്.