സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം; ആദ്യ സ്വര്‍ണ്ണം പാലക്കാടിന്


അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം. ആദ്യ സ്വര്‍ണ്ണം പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി എന്‍ അജിത്താണ് സ്വര്‍ണ്ണം തേടിയത്. റെക്കോര്‍ഡോടെയായിരുന്നു അജിത്തിന്റെ സ്വര്‍ണ്ണ നേട്ടം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ പി ചാന്ദിനിയും സ്വര്‍ണ്ണം നേടി.
രണ്ടാം സ്വര്‍ണ്ണം എറണാകുളമാണ് നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പിയാണ് സ്വര്‍ണ്ണം നേടിയത്. തിരുവനന്തപുരത്തിനാണ് മൂന്നാം സ്വര്‍ണ്ണ നേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് തിരുവനന്തപുരം സായിയിലെ സല്‍മാന്‍ സ്വര്‍ണ്ണം നേടിയത്.
പ്രായക്രമത്തിലാണ് താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് ഇത്തവണത്തെ സ്‌കൂള്‍ കായികമേളക്ക്. മുതിര്‍ന്ന കുട്ടികള്‍ പ്രായത്തില്‍ ചെറിയ കുട്ടികളുമായി മത്സരിച്ച് നേട്ടമുണ്ടാകുന്നത് ഇതോടെ ഇല്ലാതാകും. പ്രായാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്താണ് കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.




Sharing is Caring