സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ‘മഹ’ ചുഴലിക്കാറ്റായതായി മാറിയതിന് പിന്നാലെ സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു തുടങ്ങി. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.

പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പരശ്ശുറാം എക്‌സ്പ്രസ് പിടിച്ചിട്ടു. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിച്ചു. എറണാകുളം ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂളില്‍ തുറന്ന ദിരിതാശ്വാസ ക്യാമ്ബില്‍ 350-ാളം പേരുണ്ട്. എടവനാടില്‍ നിന്ന് നാല്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്ബിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു.മത്സ്യതൊഴിലാളികളുടേതാണ് വള്ളങ്ങള്‍.

ചെല്ലാനം. വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത്. വീടുകളിലേക്ക് വെള്ളം കയറുന്നു. ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു.എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *