മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു


കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഇദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ബംഗ്ലാദേശിലെ ബരിസാലില്‍ 1936 നവംബര്‍ മൂന്നിന് ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ദേവിയുടെയും മകനായാണ് ജനനം.


മൂന്ന് വട്ടം രാജ്യസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായിട്ടുണ്ട്. 2004ല്‍ പശ്ചിമബംഗാളിലെ പാംസ്‌കുഡയില്‍ നിന്നും 2009ല്‍ ഘട്ടാലില്‍ നിന്നുമായിരുന്നു ഇദ്ദേഹം ലോക്സഭാംഗമായത്. സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. ദീര്‍ഘകാലം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ്ഗുപ്ത. 2ജി സ്പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിയിലും അംഗമായിരുന്നു.



Sharing is Caring