സംസ്ഥാനത്ത് ത്രിവല്‍സര ബിരുദ കോഴ്‍സുകള്‍ തുടരും ; പുതുതായി 200 കോഴ്സുകള്‍ കൂടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ത്രിവല്‍സര ബിരുദ കോഴ്‍സുകള്‍ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് . ഈ അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്‍സുകളില്‍ മാത്രമാവും പരിഷ്‍കാരങ്ങള്‍ ഏര്‍പ്പെടുത്തുക. ബിരുദ കോഴ്‍സുകള്‍ നാല് വര്‍ഷമാക്കി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‍ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് വിശദീകരണം.

സംസ്ഥാനത്ത് നിലവിലുളള ബിരുദ കോഴ്സുകള്‍ പലതിനും വിദേശ സര്‍വകലാശാലകളുടെ അംഗീകാരമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‍ധ സമിതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ശാസ്ത്രവിഷയങ്ങളിലടക്കം നാല് വര്‍ഷം ഓണേഴ്സ് ബിരുദമെന്ന നിര്‍ദേശം എം ജി സര്‍വകലാശാല വിസി ഡോക്ടര്‍ സാബു തോമസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് നല്‍കിയത്.
എന്നാല്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഓണേഴ്സ് ബിരുദ കോഴ്സുകള്‍ തുടങ്ങാനാണ് ആലോചനയെന്നും ത്രിവല്‍സര ബിരുദം തുടരുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്‍റെ വിശദീകരണം. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നിച്ച്‌ സാധ്യമാകുന്ന ഇന്‍റഗ്രേറ്റഡ് പിജി കോഴ്‍സുകള്‍ വ്യാപകമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പരിഷ്‍കരണ നടപടികള്‍ ഉള്‍ക്കൊളളുന്ന 200 പുതിയ കോഴ്‍സുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *