സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. ആര്‍എസ്എസ് കാര്യവാഹ് രാജേഷ് (34) ആണ് കൊല്ലപ്പെട്ടത്. ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.‌ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടര്‍ന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *