സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും നാലുമണി ചായയും കൂടി നല്‍കാന്‍ നിര്‍ദ്ദേശം


സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനുപുറമെ പ്രഭാതഭക്ഷണവും സായാഹ്നഭക്ഷണവുംകൂടി നല്‍കാന്‍ നിര്‍ദേശം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഇവ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വ്യക്തികള്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുള്ള സംവിധാനമൊരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 2011-12 അധ്യയനവര്‍ഷംവരെ ഉച്ചഭക്ഷണം നല്‍കിവന്ന പ്രീപ്രൈമറി കുട്ടികള്‍ക്കും നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെയാണിത്. 2012നുശേഷം ആരംഭിച്ച് അംഗീകാരം ലഭിക്കാത്ത പ്രീെ്രെപമറികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.


കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടിനെ ആശ്രയിക്കാതെ കമ്മിറ്റികള്‍ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമുപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ഇതിനായി സന്നദ്ധരായ വ്യക്തികളെയും സംഘടനകളെയും ഏജന്‍സികളെയും ഇവര്‍ക്ക് കണ്ടെത്താം.ഈമാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശനമായ പരിശോധന വേണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഇവരുടെ ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.




Sharing is Caring