സംസ്ഥാനത്തെ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍ ഇളവ്; 60 ശതമാനം കുറയും, ആഗസ്‌റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍


സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ഫീസ് വർധനവില്‍ ഇളവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.


60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍ കുറവുണ്ടാകും. 81 സ്ക്വയർ മീറ്റർ മുതല്‍ 300 സ്ക്വയർ വരെ വിസ്‌തീർണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു. കോർപറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനത്തോളം കുറയുമെന്നതാണ് പ്രത്യേകത. പുതിയ നിരക്കുകള്‍ ആഗസ്‌റ്റ് 1 മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി എംബി രാജേഷ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതുക്കിയ നിരക്കുകള്‍ അറിയാം

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായാണ് കുറയ്ക്കുക. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോർപറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയും. 151 മുതല്‍ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോർപറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായും കുറയും.

അതേസമയം, 2023 ഏപ്രില്‍1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിസ്‌തീർണത്തിനും ഒരേ നിരക്കായിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്‌തീർണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച്‌ വ്യത്യസ്‌ത നിരക്ക് ഏർപ്പെടുത്തുകയായിരുന്നു.

താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച്‌ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളില്‍ വ്യത്യസ്‌ത നിരക്കാണ് ഏർപ്പെടുത്തി വന്നിരുന്നത്. ഈ ക്രമീകരണത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ അത് അങ്ങനെ തന്നെ തുടരും.



Sharing is Caring