സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കണ്ണൂരിലെ സമാധാനത്തിനായി കേന്ദ്ര സേനയെ അയയ്ക്കുമെന്ന് രാജീവ് പ്രതാപ് റൂഡി


രാഷ്ട്രീയ കൊലപാതകങ്ങള്‍ ശക്തമായി തുടരുന്ന കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം സഹായിക്കുമെന്ന് മന്ത്രി രാജീവ് പ്രതാപ് റൂഡി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കണ്ണൂരിലേയ്ക്ക് കേന്ദ്രസേനയെ അയക്കാമെന്ന് മന്ത്രി പറഞ്ഞു.


രാമന്തളിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് ബിജുവിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് ഉച്ചയോടെയാണ് കൊല്ലപ്പെട്ട ബിജുവിന്‍റെ വീട്ടില്‍ മന്ത്രി എത്തിയത്. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.


ബിജുവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കും. വ്യാജ വീഡിയോയുടെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.



Sharing is Caring