ഷോപ്പിയാനിലും പാംപോറിലും ഭീകരാക്രമണം

ജമ്മുകശ്മീരിലെ ഷോപ്പിയാനിലും പാംപോറിലും നടന്ന ഭീകരാക്രമണങ്ങള്‍ സുരക്ഷാ സേന പരാജയപ്പെടുത്തി. ഷോപ്പിയാനില്‍ നടന്ന ആക്രമണത്തില്‍ 7 സാധാരണക്കാര്‍ക്കും ഒരു ജവാനും പരിക്കേറ്റു. കശ്മീരിലെ വിവിധ ജില്ലകളില്‍ ഭീകരര്‍ കൂടുതല്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ഭീകരര്‍ വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് 8 പേര്‍ക്ക് പരിക്കേറ്റത്. പാംപോറില്‍ ജമ്മുകശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരേ നടന്ന ഭീകരാക്രമണം രണ്ടു ദിവസം നീണ്ടുനിന്നു. തിങ്കളാഴ്ച ആരംഭിച്ച ഭീകരാക്രമണം ഇന്നലെയും നീണ്ടു. ഭീകരരെ തുരത്തിയെങ്കിലും ആരെയും വധിക്കാനായില്ല.

തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അടുത്തിടെ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ഗ്രനേഡ് ആക്രമണവും വെടിവെയ്പ്പും ഉണ്ടാകുന്നു. ജനവാസ മേഖലകളിലൊളിക്കുന്ന ഭീകരരെ കണ്ടെത്തുകയും സേനയ്ക്ക് തലവേദനയാകുന്നുണ്ട്.

Spread the love