ഷൂട്ടിങ് വേദിയില്‍ പൊന്‍ റാണിയായി വീണ്ടും ഹീന സിധു


ഷൂട്ടിങ് വേദിയില്‍ പൊന്‍ റാണിയായി വീണ്ടും ഹീന സിധു. കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഹീനയ്ക്ക് സ്വര്‍ണം. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 240.8 പോയിന്റോടെ സിധുവിന്റെ നേട്ടം.


അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയ ആതിഥേയ താരം എലേന ഗലിയബോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി (238.2 പോയിന്റ്). ഓസ്‌ട്രേലിയയുടെ തന്നെ ക്രിസ്റ്റി ഗില്‍മാനിന് വെങ്കലം (213.7).


ഇതേ വിഭാഗം പുരുഷന്മാരില്‍ ദീപക് കുമാറിന് വെങ്കലം. അതേസമയം, ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നാരംഗ് നാലാം സ്ഥാനത്തായി. ഇന്ത്യയുടെ രവികുമാറിന് അഞ്ചാം സ്ഥാനം.

ഈ മാസമാദ്യം ഐഎസ്എസ്എഫ് ലോകകപ്പിലും ഹീന സ്വര്‍ണം നേടിയിരുന്നു. ന്യൂദല്‍ഹിയില്‍ ടീമിനത്തില്‍ ജിതു റായിക്കൊപ്പമാണ് നേട്ടം, 483.4 പോയിന്റ്. അസര്‍ബെയ്ജാനില്‍ നടന്ന ലോകകപ്പ് റൈഫിള്‍/പിസ്റ്റള്‍ സീരിസിലും ഇവര്‍ സ്വര്‍ണം നേടി.



Sharing is Caring