ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ ഇരുചക്രവാഹനങ്ങള്‍ക്കായുള്ള പാതയില്‍ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാന് സ്വദേശിയായാ സയഫുള്ള സായ്പോവി(29)നെ വെടിവച്ചു വീഴ്ത്തിയ ശേഷം പൊലീസ് അറസ്റ്റു ചെയ്തു. വയറില്‍ വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് മേയറുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തെ ഇരുചക്ര വാഹനപാതയിലേക്ക്, അറസ്റ്റിലായയാള്‍ വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലോകവ്യാപാര സമുച്ചയം സ്ഥിതി ചെയ്യുന്ന ന്യൂയോര്‍ക്കിലെ ഹഡ്സന്‍ നദീതീരത്തിന് സമീപത്തെ വെസ്റ്റ്സൈഡ് ഹൈവേയില്‍ പ്രാദേശികസമയം വൈകിട്ടു 3.15 ഓടെയായിരുന്നു ആക്രമണം നടന്നത്. വാടകയ്ക്കെടുത്ത ട്രക്കുമായി എത്തിയ അക്രമി ഇരുചക്രവാഹനങ്ങള്‍ക്കുള്ള പാതയിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ബൈക്കുകളും സൈക്കിളുകളും ഇടിച്ചുതെറിപ്പിച്ച് ട്രക്ക് മുന്നോട്ട് നീങ്ങി. ഉടന്‍ തന്നെ പൊലീസെത്തി അക്രമിയെ നേരിട്ടു. ട്രക്കില്‍ നിന്നിറങ്ങിയ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് പൊലീസിനു നേരെ വെടിയുതിര്‍ത്തു. പൊലീസിന്റെ വെടിയേറ്റ് വീണ അക്രമിയെ ഉടന്‍ തന്നെ കീഴ്പ്പെടുത്തുകയായിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ സയഫുള്ള ഫ്ളോറിഡയിലെ റ്റാംബയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് അടക്കമുള്ള ഒരു ഭീകര സംഘടനയും മുന്നോട്ട് വന്നിട്ടില്ല. സയഫുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ട്രക്കിനുള്ളില്‍ നിന്ന് ഐസിസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സയഫുള്ള എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.












