ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവ്. ഷംന തസ്നിമിനെ ചികില്‍സിച്ച ആശുപത്രിയിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോക്ടര്‍ ജില്‍സ് ജോര്‍ജിനെയാണ് സസ്പെന്റ് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെഎ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനത്തെുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. മരിച്ചിട്ടും ഇക്കാര്യം മറച്ചുവച്ച് ഡോക്ടര്‍ ഷംനയെ വിദഗ്ധ ചികില്‍സയ്ക്കായി കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്കിയ വിശദീകരണക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ടിലെ അപൂര്‍ണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് കേസെടുത്തതുകൂടാതെ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടതോടെയാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായത്.
വിദ്യാര്‍ത്ഥിനിയുടെ മരണം മെഡിക്കല്‍ ഓഫീസര്‍മാരുടെ അനാസ്ഥയാണെന്ന പരാതി മനുഷ്യാവകാശ കമീഷന് കഴിഞ്ഞ ഒക്ടോബര്‍ 16ന് പരിഗണിച്ചിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോ. ജില്‍സ് ജോര്‍ജിനെയും ഡോ. ബിനോ ജോസിനെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മനുഷ്യാവകാശ കമീഷന് നല്കിയ പരാതി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.













