കൊച്ചി: വാഹനാപകടക്കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരേ തെളിവു ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രീറാമിന് ജാമ്യം നല്കിയ മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിമര്‍ശനം.
അപകടശേഷം ശ്രീറാമിനെ വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് പോലീസിന് ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുവരുമെന്നാണോ പോലീസ് കരുതിയിരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ അടക്കം താമസിക്കുന്ന തന്ത്രപ്രധാന മേഖലകളിലെ റോഡുകളില്‍ സിസിടിവി ഇല്ലെന്ന് പറയാന്‍ പോലീസിന് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു. അതേസമയം, ശ്രീറാം വെങ്കിട്ടരാമന് പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നല്കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.













